കൂട്ടായ്മയുടെ വിജയമായി രായിരെനല്ലൂർ മലകയറ്റം
text_fieldsപട്ടാമ്പി: കാലവർഷത്തിന്റെ ഭീഷണി വകവെക്കാതെ രായിരനെല്ലൂർ മലകയറിയത് ആയിരങ്ങൾ. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ ആഘോഷത്തിന് വലിയ മുൻകരുതലും തയാറെടുപ്പുമാണ് മലയുടെ സംരക്ഷകരും പൊലീസും സ്വീകരിച്ചത്. മുന്നോടിയായി ശനിയാഴ്ച ലക്ഷാർച്ചന ആരംഭിച്ചിരുന്നു. അന്ന് മുതൽ സമീപവാസികൾ മല കയറാൻ തുടങ്ങി.
മലയും മലയിലേക്കുള്ള വഴിയും ശുചീകരണം ആരംഭിച്ചതു മുതൽ കൊപ്പം എസ്.ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൂടെക്കൂടെ ഓരോ ഊടുവഴിയിലൂടെയും പട്രോളിങ് നടത്തി സുരക്ഷ ഉറപ്പുവരുത്തുകയും ആഭരണ മോഷണം തടയാനുള്ള മുൻകരുതലിനെക്കുറിച്ച് ജനമൈത്രി പൊലീസ് വിഡിയോ തയാറാക്കി പ്രചരിപ്പിക്കുകയും ചെയ്തു. അഗ്നിരക്ഷ സേന, ആരോഗ്യ വകുപ്പ് എന്നിവയും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കം നടത്തി സ്ഥലത്തുണ്ടായിരുന്നു.
കൊപ്പം-വളാഞ്ചേരി പാതയിൽ ഗതാഗത സ്തംഭനമൊഴിവാക്കാനുള്ള ക്രമീകരണവും പൊലീസ് സജ്ജമാക്കി. ഭക്തരുമായെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ നടുവട്ടം ഗവ. ജനത ഹൈസ്കൂളിൽ സൗകര്യമൊരുക്കി പൊലീസ് കാവൽ നിന്നു. മലമുകളിലെത്തുന്നവർക്ക് ക്ഷീണമകറ്റാൻ അധികൃതർ കുടിവെള്ളമൊരുക്കുകയും ചെയ്തു. മുകളിലെ ക്ഷേത്രത്തിൽ ദർശനം കാത്തു ആയിരങ്ങൾ വരിവരിയായി നിരന്നപ്പോഴും പൊലീസിന്റെ കണ്ണ് സുരക്ഷയൊരുക്കി. മലയുടെ തെക്ക് ചരിഞ്ഞ മലമ്പാതയിലൂടെയാണ് കൂടുതലാളുകളും മല കയറുന്നത് എന്നതിനാൽ ഈ സ്ഥലത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് പെയ്ത മഴ പാതയിൽ വഴുക്കി വീഴാനുള്ള സാധ്യത വർധിപ്പിച്ചെങ്കിലും ചൊവ്വാഴ്ച സ്ഥിതി മാറിയത് ആശ്വാസമായി. ദിവസങ്ങൾക്ക് മുമ്പ് സ്ഥലത്തെത്തി ഷെഡ് കെട്ടി കച്ചവടത്തിന് കാത്തിരുന്നവർക്ക് ആഘാതമേല്പിച്ചതായിരുന്നു തലേന്നത്തെ മഴ. മല കയറ്റത്തിനു ശേഷം ഒന്നാന്തിപ്പടിയിലും നടുവട്ടത്തും വൈകുന്നേരം നടക്കാറുള്ള കച്ചവടവും പൊടി പൊടിച്ചത് കച്ചവടക്കാർക്ക് ആശ്വാസമായി. നാടിന്റെ ഉത്സവമായി മാറിയ ആയിരങ്ങൾ സംഗമിച്ച മലകയറ്റം അനിഷ്ടങ്ങളില്ലാതെ സമാപിച്ചത് വിവിധ സർക്കാർ വകുപ്പുകളും മലയുടെ അധികാരികളും നാട്ടുകാരും ചേർന്നുള്ള കൂട്ടായ്മ കൊണ്ടുമാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.