റോഡിലെ കുഴികൾക്ക് ജീവന്റെ വില; അറ്റകുറ്റപ്പണി തുടങ്ങി
text_fieldsപട്ടാമ്പി: റോഡിലെ മരണക്കുഴികൾക്ക് ജീവന്റെ വില. മേലെ പട്ടാമ്പി കൽപകക്കടുത്ത് ഒരു മനുഷ്യജീവൻ പൊലിയേണ്ടിവന്നു അധികാരികളുടെ കണ്ണൊന്നു തുറക്കാൻ. ഇതോടെ ഞായറാഴ്ച തിരക്കിട്ട കുഴിയടക്കലിനാണ് മേലെ പട്ടാമ്പി സാക്ഷിയായത്. ശനിയാഴ്ച ഉച്ചക്കാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പരുതൂർ സ്വദേശിയായ വിമുക്ത ഭടൻ കുഴിയിൽ ചാടി റോഡിലേക്ക് വീണ് പിറകിലെത്തിയ ബസ് കയറി മരിച്ചത്. തുടർന്ന് പ്രതിപക്ഷ യുവജനസംഘടനകളായ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രത്യക്ഷ സമരം നടത്തി യൂത് കോൺഗ്രസ് സമരം പൊലീസുമായുള്ള എട്ടുമുട്ടലിന് വക്കിലെത്തുകയും ചെയ്തു. റോഡ് ഉപരോധിച്ച പ്രവർത്തകരെ നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് സംഘർഷാന്തരീക്ഷം ഉടലെടുത്തത്.
പുതിയ വീടിന് സാധനങ്ങളെടുക്കാൻ വന്നു പോകുമ്പോഴാണ് പരുതൂർ സ്വദേശി സജീഷ്(42) അപകടമരണത്തിനിരയായത്. റോഡിന്റെ ദുരവസ്ഥക്കെതിരെ മാധ്യമങ്ങളും ജനപ്രതിനിധികളും വിവിധ സംഘടനകളും മുറവിളി തുടങ്ങിയിട്ട് ഏറെയായെങ്കിലും പരിഹാരം മാത്രം ഉണ്ടായിട്ടില്ല. മേലെ പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് ജങ്ഷൻ മുതൽ ഗുരുവായൂർ റോഡ് ജങ്ക്ഷൻവരെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ ഇനിയൊരു നരബലിക്ക് കാത്തുനിൽക്കാനിടവരാതിരിക്കട്ടെ എന്നാണ് ജനം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.