പ്രവേശനോത്സവത്തിൽ താരമായി വിളയൂരിലെ ഋതുപർണ
text_fieldsപട്ടാമ്പി: സംസ്ഥാനതല പ്രവേശനോത്സവത്തിൽ താരമായ സന്തോഷത്തിലാണ് വിളയൂരിലെ ഋതുപർണ. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ മിടുക്കരായ കുട്ടികൾക്കൊപ്പം കലാ പരിപാടി അവതരിപ്പിച്ച് പട്ടാമ്പി ഉപജില്ലയുടെ അഭിമാനമാകാനും വിളയൂർ കുപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസുകാരിക്ക് കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ശേഷം അവതരിപ്പിക്കപ്പെട്ട കഴിഞ്ഞ വർഷത്തെ മികച്ച പഠന പ്രവർത്തനങ്ങളിലാണ് ഋതുപർണയുടെ ഇംഗ്ലീഷ് കഥാകഥനവും ഉൾപ്പെടുത്തിയത്.
രണ്ടാം ക്ലാസിലെ ജംഗിൾ ഫൈറ്റ് എന്ന പാഠഭാഗവുമായാണ് ഋതുപർണ രംഗം കൈയടക്കിയത്. കഴിഞ്ഞ വർഷത്തെ ഓൺലൈൻ ക്ലാസിൽ ഇംഗ്ലീഷിനോടായിരുന്നു ഋതുപർണക്ക് താൽപര്യം. ക്ലാസ് കണ്ട് അനുബന്ധ പ്രവർത്തനത്തിെൻറ ഭാഗമായി അയച്ചുകൊടുത്ത വിഡിയോ കഥാകഥനത്തിലും അംഗവിക്ഷേപങ്ങളിലും മികച്ചതാണെന്ന് കണ്ടെത്തിയത് ഓൺലൈൻ ക്ലാസെടുത്ത നിഷ ടീച്ചറായിരുന്നു. വിക്ടേഴ്സ് ചാനലിൽ അടുത്ത ക്ലാസിൽ ഋതുപർണയുടെ പ്രകടനവും ടീച്ചർ ഉൾപ്പെടുത്തി. സംസ്ഥാനതല പ്രവേശനോത്സവത്തിലേക്കും ഋതുപർണക്ക് വഴി കാണിച്ചത് ടീച്ചർ തന്നെയായിരുന്നു. വിക്ടേഴ്സ് ചാനലിൽ രാവിലെ തത്സമയവും വൈകീട്ട് പുനഃപ്രക്ഷേപണവും വഴി പ്രകടനം കണ്ടവരൊക്കെ ഈ മിടുക്കിയെ അഭിനന്ദനം കൊണ്ടു മൂടുകയാണ്. സ്കൂളിലെ അധ്യാപിക പൂജ പി. ഉണ്ണിയുടെയും പള്ളിപ്പുറം അഴിവളപ്പിൽ കളത്തിൽ എ.കെ. സന്ദീപിെൻറയും മകളാണ് ഋതുപർണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.