റഗ്ബി ക്യാപ്റ്റൻ അങ്കത്തിന്
text_fieldsപട്ടാമ്പി: റഗ്ബിയിലും സോഫ്റ്റ്ബാൾ, നെറ്റ്ബാൾ, ഹാൻഡ്ബാൾ, ഫുട്ബാൾ തുടങ്ങിയ കായിക ഇനങ്ങളിലുമുള്ള മെയ്വഴക്കം കാഞ്ചനയെ തദ്ദേശ തെരഞ്ഞെടുപ്പിൽ തുണക്കുമോ? തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പത്താം വാർഡിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി അങ്കം കുറിച്ചിരിക്കുകയാണ് ഈ ചളവറക്കാരി. പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് കാഞ്ചന.
ചളവറ ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബാൾ ടീമംഗമായാണ് കായിക കുതിപ്പ് തുടങ്ങിയത്. പിന്നീട് ജില്ല ഫുട്ബാൾ ടീമിൽ ഇടം നേടിയ കാഞ്ചന പാലക്കാട് മേഴ്സി കോളജിൽ ബിരുദ പഠനത്തിന് ചേർന്ന് കോളജിെൻറ അഭിമാന താരമായി. സോഫ്റ്റ്ബാൾ, നെറ്റ്ബാൾ, ഹാൻഡ്ബാൾ തുടങ്ങിയ ഗെയിംസുകളിൽ മികവ് പ്രദർശിപ്പിച്ചു. ഡിഗ്രി പഠനത്തിനുശേഷം റഗ്ബി പരിശീലനം. കേരള റഗ്ബി ടീമിൽ അംഗത്വം നേടി ബിഹാറിൽ നടന്ന റഗ്ബി ടൂർണമെൻറിൽ കേരളാടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. ഛത്തിസ്ഗഡിൽ നടന്ന ടൂർണമെൻറിൽ കേരള ടാർഗറ്റ് ടീമിെൻറ നായകത്വം വഹിച്ച് മികവ് പുലർത്തി.
പട്ടാമ്പി സി.ജി.എം സ്കൂളിൽ ഒരുവർഷത്തോളം ഫിസിക്കൽ എജുക്കേഷൻ ടീച്ചറായി ജോലി ചെയ്ത ശേഷമാണ് ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നത്. ഭർത്താവ് രാകേഷ് പടിഞ്ഞാറങ്ങാടി മൈനോറിറ്റി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്കൽ എജുക്കേഷൻ അസി. പ്രഫസറാണ്. കായിക മേഖലയിലെ കുതിപ്പ് നാട്ടങ്കത്തിൽ പ്രതിഫലിക്കുമോ എന്നാണ് തിരുവേഗപ്പുറ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.