ഇൗ സ്നേഹത്തിനെന്തു നൽകും സരോജിനിയമ്മേ...?
text_fieldsപട്ടാമ്പി: ഈ അയ്യായിരത്തിന് അഞ്ചുകോടിയുടെ മൂല്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിളയൂർ കുപ്പൂത്ത് ഭഗവതി വളപ്പിൽ സരോജിനി എന്ന വേശു നൽകിയ 5000 രൂപക്ക് മൂല്യമേറുന്നത് അതിനുപിന്നിലെ കഷ്ടപ്പാടറിയുേമ്പാഴും.
പശുപരിപാലനം ജീവനോപാധിയായി കൊണ്ടുനടക്കുന്ന വേശു തുച്ഛമായ വരുമാനത്തിൽനിന്ന് മിച്ചംവെച്ച് സ്വരൂപിച്ച തുകയാണ് തെൻറ പിറന്നാൾ സമ്മാനമായി പ്രസിഡൻറിനെ വിളിച്ചേൽപിച്ചത്.
പിറന്നാളാഘോഷം കളരിക്കൽ ക്ഷേത്രത്തിലെ വഴിപാടുകളിൽ അവസാനിപ്പിക്കാറാണ് സാധാരണ പതിവ്. രാജ്യം നേരിടുന്ന ഗുരുതരാവസ്ഥയിൽ ഇത്തവണ മാറിച്ചിന്തിക്കുകയായിരുന്നു വേശു.
രാവിലെ സഹോദരൻ ഹരിദാസനാണ് പ്രസിഡൻറിനെ വീട്ടിലേക്ക് വിളിച്ചത്. ചേച്ചിയുടെ ചെറിയ വരുമാനത്തിൽനിന്ന് മാസങ്ങളായി സ്വരുക്കൂട്ടിയ കുറച്ച് പൈസ പ്രസിഡൻറിനെ ഏൽപ്പിക്കാനാണ് വിളിച്ചതെന്ന് ഹരിദാസൻ പറഞ്ഞു.
തുടർന്ന് തുക വേശു തന്നെ പ്രസിഡൻറിന് കൈമാറി. രാവിലെ നാലിന് ആരംഭിക്കുന്ന വേശുവിെൻറ ജീവിതം രാത്രി ഏറെ വൈകിയാണ് അവസാനിക്കുക. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളന സമയമാണ് വിശ്രമം.
ലോകത്തെ പിടിച്ചുകുലുക്കി മരണത്തിലേക്ക് നയിക്കുന്ന കോവിഡ് എന്ന മഹാമാരിക്കെതിരെ സൃഷ്ടിക്കുന്ന കേരള മാതൃകയിൽ പങ്കാളിയാവാൻ പ്രേരിപ്പിച്ചത് വാർത്തസമ്മേളനത്തിൽനിന്ന് കിട്ടിയ അറിവാണെന്ന് ഇവർ പറയുന്നു.
വേശു ഏടത്തിയുടെ മാതൃകാപ്രവർത്തനത്തിന് വിളയൂരിെൻറ ബിഗ് സല്യൂട്ട് അർപ്പിച്ചാണ് വിളയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി യാത്ര പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.