ചിരകാലാഭിലാഷത്തിന് ചുവടുവെപ്പ്; പട്ടാമ്പി പാലത്തിന് ടെൻഡർ ക്ഷണിച്ചു
text_fieldsപട്ടാമ്പി: ഏറെക്കാലമായുള്ള നിലവിളിക്ക് പരിഹാരം കാണാൻ നിർണായക ചുവടുവെച്ച് പട്ടാമ്പി. ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരത്തിനായി പുതിയ പാലത്തിന് ടെൻഡർ ക്ഷണിച്ചു. തീവ്രപ്രളയങ്ങൾ അതിജീവിച്ച പഴയ കോസ്വേ സുരക്ഷക്ക് ഭീഷണിയായതോടെയാണ് പാലത്തിന്റെ ആവശ്യം ശക്തിപ്പെട്ടത്.
സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞാൽ ഇക്കൊല്ലം തന്നെ പാലത്തിന്റെ നിർമാണ നടപടിയാരംഭിക്കുമെന്ന മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ വാക്കാണ് യാഥാർഥ്യമാവുന്നത്. ഭാരതപ്പുഴക്ക് കുറുകെയുള്ള പുതിയ പാലത്തിന് 52 കോടി 58 ലക്ഷം രൂപക്കാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഈ മാസം 26നാണ് ടെൻഡർ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.
പഴയ കടവിൽനിന്ന് പട്ടാമ്പി-ഗുരുവായൂർ റോഡിൽ പാലം അവസാനിക്കുന്ന ഭാഗത്തേക്കാണ് 50 മീ നീളവും 13.5 മീറ്റർ വീതിയിലുമായി പുതിയ പാലം നിർമിക്കുന്നത്. കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയ പാലത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ കിഫ്ബി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
പാലത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും ആത്മാർഥമായ പ്രവർത്തനവും മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നിരന്തര ശ്രമങ്ങളുമാണ് സ്ഥലമേറ്റെടുപ്പ് അടക്കം ആവശ്യമായ നടപടികൾ പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാൻ സഹായകമായത്. ഭാരതപ്പുഴയിൽ മുമ്പൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ അപ്രൂവ് ചെയ്ത ഡിസൈനിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു.
പാലത്തിന്റെ കിഴക്ക് വശത്തുകൂടെ റെയിൽവേ ലൈൻ പോകുന്നത് കൊണ്ട് തന്നെ ഒരു പരിധിയിലധികം ഉയരത്തിൽ പാലം നിർമാണം സാധ്യമാവുമായിരുന്നില്ല. ഉടമകൾ സ്ഥലം വിട്ടുകൊടുക്കാൻ വിമുഖത കാണിച്ചതും തടസ്സമായി. തൃപ്തികരമായ വിധത്തിൽ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.