പട്ടാമ്പി പാലം കൈവരി നിർമാണത്തിന് ടെൻഡറായി
text_fieldsപട്ടാമ്പി: പട്ടാമ്പി പാലത്തിന്റെ കൈവരി നിർമാണത്തിന് ടെൻഡർ ആയി. പൊതുമരാമത്തു വകുപ്പ് പാലം വിഭാഗമാണ് ടെൻഡർ ഉറപ്പിച്ചത്. 18,13,275 രൂപക്ക് പാലക്കാട് സ്വദേശി ജയപ്രകാശാണ് ടെൻഡർ എടുത്തിരിക്കുന്നത്. നിർമാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 30ന് ഭാരതപ്പുഴ പാലം കവിഞ്ഞൊഴുകിയപ്പോഴാണ് കൈവരികൾ തകർന്നത്. തുടർന്ന് അടച്ചിട്ട പാലം ആഗസ്റ്റ് ഒന്നിന് കാൽനടയാത്രക്കാർക്കായി തുറന്നു കൊടുത്തു. വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞു പോകേണ്ടി വരികയും ടൗണിലേക്ക് തൊട്ടടുത്ത തൃത്താല ഭാഗത്തു നിന്ന് പോലും എത്താൻ കഴിയാതിരിക്കുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായി.
തുടർന്ന് താൽക്കാലിക കൈവരികൾ നിർമിച്ച് ഒരാഴ്ചക്കുള്ളിൽ വാഹനങ്ങൾക്ക് കൂടി യാത്രാനുമതി നൽകി. എന്നാൽ ഒരേ സമയം ഒരു ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ കടത്തി വിടുന്നത് മൂലം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മേലെ പട്ടാമ്പി മുതൽ ഗുരുവായൂർ റോഡ് മാട്ടായ വരെ വാഹനങ്ങളുടെ നിര നീണ്ടു.
ഇരു ഭാഗത്തും വാഹനങ്ങൾ കാത്തു നിൽക്കേണ്ടി വന്നതാണ് പ്രശ്നമായത്. പാലത്തിനിരുവശവും പൊലീസ് നിയന്ത്രണമുണ്ടായിട്ടും ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
കൈവരി നിർമാണത്തിന് നീക്കം നടക്കുന്നില്ലെന്ന് പറഞ്ഞു ശക്തമായ സമരങ്ങളാണ് പിന്നീട് കണ്ടത്. കൈവരി നിർമിക്കാൻ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത് പൊലീസ് ലാത്തിച്ചാർജിൽ കലാശിച്ചു. ഏതാനും പേർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ മാർച്ചും സംഘർഷത്തിലെത്തി. യൂത്ത് കോൺഗ്രസുകാരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയും രംഗത്തെത്തി. പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിലും ജലപീരങ്കി പ്രയോഗത്തിലും കലാശിച്ചു.
ഈ മാസം 19 വരെയാണ് ടെൻഡർ സ്വീകരിക്കാൻ സമയമുണ്ടായിരുന്നത്. 22ന് ടെൻഡർ പൊട്ടിക്കുമെന്നും താമസിയാതെ കൈവരി പുനഃസ്ഥാപിക്കുമെന്നും നഗരസഭാധികൃതരും എം.എൽ.എയും അറിയിച്ചിരുന്നു. കൈവരി നിർമിച്ച് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടാലും കുരുക്കിന് ശമനമാവില്ല.
പുതിയ പാലമാണ് സ്ഥിരമായ പരിഹാരം. ഇതിനുള്ള തടസ്സം സ്ഥലമേറ്റെടുപ്പായിരുന്നു. 43 ഭൂവുടമകളിൽ നിന്നായി പട്ടാമ്പിയിൽ നിന്ന് 83 സെന്റും തൃത്താലയിൽ നിന്ന് 30 സെന്റും സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിനുള്ള നടപടികൾ നടന്നു വരികയാണ്.
കഴിഞ്ഞ ദിവസം താലൂക്ക് കോൺഫറൻസ് ഹാളിൽ പുതിയ പാലം നിർമിക്കാനുള്ള സ്ഥലമുടകളുടെ യോഗം ചേർന്നു. ഭൂവുടമകൾക്ക് സന്തോഷിക്കാവുന്ന തുക നൽകി സ്ഥലമേറ്റെടുക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉറപ്പു നൽകിയിട്ടുണ്ട്. പുതിയ പാലമെന്ന ദീർഘകാല ആവശ്യം ഉടൻ യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് പട്ടാമ്പി.
പാലത്തിന്റെ പേരിലുള്ള സമരം ഗ്രൂപ്പ് പോരും സാമ്പത്തിക തട്ടിപ്പും മറയ്ക്കാൻ -ഡി.വൈ.എഫ്.ഐ
പട്ടാമ്പി: രാഷ്ട്രീയ ലക്ഷ്യം വെച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരമാണ് പട്ടാമ്പിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് നേതൃത്വം കൊടുക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികൾ കുറ്റപ്പെടുത്തി. പാലം കൈവരി നിർമാണവുമായി ബന്ധപ്പെട്ടു നടന്ന മാർച്ചിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന സമിതിയംഗമായ അബ്ദുൽ അസീസിന് പൊലീസ് മർദനത്തിൽ പരിക്കേറ്റെന്നു പ്രചരിപ്പിച്ചത് കോൺഗ്രസ് ഗ്രൂപ് പോരിന്റെ പേരിൽ നടന്ന അക്രമമായിരുന്നെന്ന് പൊലീസ് എഫ്.ഐ.ആർ ഉയർത്തിക്കാണിച്ച് നേതാക്കൾ പറഞ്ഞു.
വധശ്രമത്തിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ഭാരവാഹിയാണ് ഇയാളെ മർദിച്ചത്. വളാഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയത് യൂത്ത് ലീഗ് നേതാവാണ്. ഒരു ഭാഗത്ത് ഗ്രൂപ് വഴക്കും തമ്മിലടിയുമായി യൂത്ത് കോൺഗ്രസും മറുഭാഗത്ത് വലിയ സാമ്പത്തിക തട്ടിപ്പുമായി യൂത്ത് ലീഗും നിൽക്കുമ്പോൾ അവയ്ക്ക് മറയിടാനാണ് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഇത്തരമൊരു സമരാഭാസവുമായി ഇറങ്ങി ജനങ്ങളെ പരീക്ഷിക്കുന്നത്. വസ്തുതകൾ തിരിച്ചറിഞ്ഞ് ഗതാഗത പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ ലാഭം നോക്കാതെ ജനങ്ങൾ സഹകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.എൻ. സുധീപ്, സെക്രട്ടറി എ.എൻ. നീരജ്, ട്രഷറർ പി.ആർ. രജീഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.