പട്ടാമ്പി പാലം നിർമാണം സാങ്കേതികാനുമതിയുടെ വക്കത്ത്
text_fieldsപട്ടാമ്പി: പട്ടാമ്പിയിൽ പുതിയ പാലം നിർമാണത്തിനുള്ള പ്രപോസൽ സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് പ്രതിനിധി താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. സാങ്കേതികാനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടിയിലേക്ക് നീങ്ങുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ വാടാനാംകുറുശ്ശി-പട്ടാമ്പി റോഡ് അടുത്ത ശനി, ഞായർ ദിവസങ്ങളിൽ കുഴിയടച്ച് റീ ടാർ ചെയ്യുമെന്ന് പി.ഡബ്യു.ഡി പ്രതിനിധി പറഞ്ഞു.
ഇതോടൊപ്പം പട്ടാമ്പി ടൗണിലെ കുഴികളടക്കണമെന്ന് നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ആവശ്യപ്പെട്ടു. വള്ളൂർ ബസ് വെയ്റ്റിങ് ഷെഡിനടുത്തുള്ള കൂറ്റൻ ചീനിമരം പൊട്ടിവീണാൽ ആറ് വൈദ്യുതി തൂണുകൾ തകരുമെന്നും മരം അടിയന്തരമായി മുറിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തിരുവേഗപ്പുറ-അഞ്ചുമൂല റോഡ് നിർമാണം പകുതിവെച്ച് നിർത്തിപ്പോയ കരാറുകാരന് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഒരാഴ്ച കൂടി അനുവദിക്കാനും അതിനിടെ പ്രവൃത്തി ചെയ്യാതെ വന്നാൽ കരാറുകാരനെ മാറ്റി നിർമാണം പൂർത്തിയാക്കാനും എം.എൽ.എ നിർദേശിച്ചു. നിള-ഐ.പി.ടി റോഡ് നവീകരണ ഭാഗമായ കൈയേറ്റം ഒഴിപ്പിക്കൽ ഓങ്ങല്ലൂരിൽ പൂർത്തിയായെന്നും കൽപക സ്ട്രീറ്റ് വരെ സർവേ നടത്താൻ രണ്ട് സർവേയർമാരെ കൂടി നിയമിച്ചിട്ടുണ്ടെന്നും ഭൂരേഖ തഹസിൽദാർ പി. ഗിരിജാദേവി പറഞ്ഞു. പെരുമുടിയൂർ ഗേറ്റ് -പുതിയറോഡ് നിർമാണ നടപടി വേഗത്തിലാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ റോഡിലെ സീബ്രാ ലൈൻ മാഞ്ഞത് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ ചൂണ്ടിക്കാട്ടി. മൈനർ ഇറിഗേഷൻ അധികൃതർ സഹകരിക്കാത്തതുകൊണ്ട് പഞ്ചായത്തിൽ പ്രവൃത്തികൾ മുടങ്ങുന്നുവെന്നായിരുന്നു മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലിയുടെ പരാതി.
വിളയൂരിൽ വ്യാപകമായി പൈപ്പ് പൊട്ടുന്നത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ ചൂണ്ടിക്കാട്ടി. ജൽജീവൻ മിഷൻ പ്ലാന്റിൽനിന്ന് ഓങ്ങല്ലൂരിൽ ജലവിതരണം ഉടൻ ആരംഭിക്കണമെന്ന് വൈസ് പ്രസിഡന്റ് ടി.പി. രജീഷ് ആവശ്യപ്പെട്ടു.
താലൂക്ക് വികസന സമിതി യോഗത്തിൽ തൃത്താലയിലെ ജനപ്രതിനിധികൾ പങ്കെടുത്താത്തത് പൊന്നാനി എം.പിയുടെ പ്രതിനിധി സി.എം. അലി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ വ്യക്ത വരുത്താൻ അതാത് വകുപ്പ് മേധാവികൾ തന്നെ യോഗത്തിനെത്തണമെന്ന് ആവശ്യപ്പെട്ടിട്ടും വിഷയത്തെക്കുറിച്ച് യാതൊരറിവുമില്ലാത്ത പകരക്കാരെ അയക്കുന്നത് ഗൗരവമായി കാണണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.