കൊപ്പം പഞ്ചായത്ത് നറുക്കെടുപ്പിൽ യു.ഡി.എഫ് പ്രസിഡന്റ്
text_fieldsപട്ടാമ്പി: കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇത്തവണ ഭാഗ്യം തുണച്ചത് യു.ഡി.എഫിനെ. നറുക്കെടുപ്പിൽ മുസ്ലിം ലീഗിലെ എം.സി അസീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട സി.പി.എമ്മിലെ ടി. ഉണ്ണികൃഷ്ണനായിരുന്നു എതിരാളി. ഇരുമുന്നണിക്കും എട്ടുവീതം വോട്ട് ലഭിച്ചപ്പോഴാണ് നറുക്കെടുപ്പിനെ ആശ്രയിച്ചത്.
അവിശ്വാസപ്രമേയത്തിൽ യു.ഡി.എഫിനൊപ്പം നിന്ന ബി.ജെ.പി അംഗം എ.പി. അഭിലാഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫിനെ സഹായിച്ചതിന്റെ പേരിൽ അഭിലാഷിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തിരുന്നു. പട്ടാമ്പി എ.ഇ.ഒ പി.എസ്. ലതിക വരണാധികാരിയായി. ഇരുമുന്നണിക്കും എട്ടുവീതം അംഗങ്ങളുള്ള ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെയായിരുന്നു സി.പി.എമ്മിലെ ടി. ഉണ്ണികൃഷ്ണൻ നേരത്തേ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഉണ്ണികൃഷ്ണനെ ഭാഗ്യം കൈവിട്ടു. ഭരണസമിതിയിൽ അഞ്ചംഗങ്ങളാണ് മുസ്ലിംലീഗിനുള്ളത്.
13ാം വാർഡ് അൻസാർ നഗർ മെംബറാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എം.സി. അസീസ്. കോൺഗ്രസിലെ പുണ്യ പി. സതീഷാണ് വൈസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെതന്നെയാണ് പുണ്യയും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. യു.ഡി.എഫ് വിജയത്തോടെ ഭരണം പൂർണമായും മുന്നണി സ്വന്തമാക്കി.
ഭാഗ്യം തുണച്ചപ്പോൾ ഭരണം യു.ഡി.എഫിന്
ഭാഗ്യം തുണച്ചപ്പോൾ കൊപ്പത്തെ ഭരണമാറ്റം പൂർണമായി. എട്ട് അംഗങ്ങൾ വീതമുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ സംയുക്തഭരണത്തിന് ഇതോടെ അവസാനമായി. ഒന്നാം വാർഡിൽനിന്ന് ജയിച്ച ബി.ജെ.പിയിലെ എ.പി. അഭിലാഷ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയുമാണ് ഭാഗ്യം കടാക്ഷിച്ചത്.
ഒന്നര വർഷം പിന്നിട്ടപ്പോൾ പ്രസിഡന്‍റിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരുകയായിരുന്നു. മുമ്പ് നിഷ്പക്ഷത പാലിച്ച ബി.ജെ.പി അംഗത്തിെൻറ പിന്തുണയോടെ പ്രമേയം പാസായി. സി.പി.എം അധികാരത്തിനു പുറത്തായി. പാർട്ടി നിർദേശം ലംഘിച്ച് യു.ഡി.എഫിനൊപ്പം ചേർന്ന അഭിലാഷിനെ ബി.ജെ.പി തുടർന്ന് സസ്‌പെൻഡ് ചെയ്തു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും ഇതേ നിലപാടായിരിക്കുമെന്നായിരുന്നു ധാരണ.
പാർട്ടിയിൽനിന്ന് പുറത്താണെങ്കിലും തിങ്കളാഴ്ച നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അഭിലാഷ് പാർട്ടി നിലപാടിലേക്ക് മാറി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. മുൻ പ്രസിഡന്‍റിെൻറ ഏകാധിപത്യത്തിലുള്ള പ്രതിഷേധമായാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചതെന്നും ഇരുമുന്നണിയോടും ഒരേ സമീപനമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പിയുടെ സഹായം സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിന് നറുക്കെടുപ്പ് വിജയം ആശ്വാസമായി.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എം.സി. അബ്ദുല്‍ അസീസിന് റിട്ടേണിങ് ഓഫിസര്‍ പി.എസ്. ലതിക സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം കൊപ്പം ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.
വിജയം സി.പി.എം ആരോപണത്തിനേറ്റ തിരിച്ചടി -യു.ഡി.എഫ്
കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-ബി.ജെ.പി ബന്ധമെന്ന സി.പി.എം ആരോപണത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് പട്ടാമ്പി നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.പി. ബാപ്പുട്ടിയും കണ്‍വീനര്‍ കെ.ആര്‍. നാരായണസ്വാമിയും പറഞ്ഞു. യു.ഡി.എഫിന് ബി.ജെ.പി വോട്ടു ചെയ്താല്‍ പ്രസിഡന്‍റ് പദവി ഒഴിയാന്‍ തന്നെയായിരുന്നു തീരുമാനം.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിക്കെതിരെ ഒരു രാഷ്ട്രീയ നിലപാടും പറയാതെ സി.പി.എം മൗനംപാലിച്ചതെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പി- സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെതിരായ വിജയമാണ് കൊപ്പം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേതെന്നും നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പി-ലീഗ്- കോൺഗ്രസ് സംഖ്യം- എൻ.സി.പി
ബുൾഡോസർ ഭരണകാലത്തെ ബി.ജെ.പി-ലീഗ്- കോൺഗ്രസ് സംഖ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റി. യു.ഡി.എഫ് കൊപ്പം പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത് കോലീബി സഖ്യത്തിലൂടെയായിരുന്നു. ബ്ലോക്ക് പ്രസിഡൻറ് പി. സുന്ദരൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറഹിമാൻ, മുത്തപ്പൻ വാസുദേവൻ, കെ.എം.എ. ഖാദർ, കെ.പി. മുരളി, പി. ശശികല, കെ.പി. ശബീറലി, അനൂപ് വല്ലപ്പുഴ, എ.ടി. ഷിയാക്ക്, പി.കെ. വേലായുധൻ, ഇ. രാജിവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.