പൊൻ മാസം ചിങ്ങച്ചിരി; പശുപരിപാലനം ജീവിതചര്യയാക്കി വാസുദേവനും ഭാര്യയും
text_fieldsഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളിയുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ഇത് മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.
പട്ടാമ്പി: കൈയിൽ ചെങ്കൊടിയും ചങ്കിൽ വിപ്ലവ മുദ്രാവാക്യങ്ങളുമായി രാഷ്ട്രീയം തലക്ക് പിടിച്ചോടുമ്പോഴും വാസുദേവൻ മാഷിന് പശു പരിപാലനം ജീവിതചര്യയായിരുന്നു. മണ്ണെങ്ങോട് എ.യു.പി സ്കൂളിൽനിന്ന് 15 വർഷം മുമ്പ് വിരമിച്ച ഈ സംസ്കൃതം അധ്യാപകൻ മരുതൂരിലെ ക്ഷീര കർഷകനാണ്. 20 ലിറ്ററോളം പാൽ വിവിധ വീടുകളായിലായും 100 ലിറ്ററിലധികം പാൽ മരുതൂർ ക്ഷീര സംഘത്തിലും നൽകുന്നു. സി.പി.ഐ മുൻ മണ്ഡലം സെക്രട്ടറിയായ മരുതൂർ പാറമന വാസുദേവൻ 1971ലാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ആദ്യ ശമ്പളത്തിൽനിന്ന് ഒരു പശുവിനെ വാങ്ങിയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ഓർമയിലെ അറുപതിലേറെ വർഷങ്ങളിൽ വീട്ടിൽ പശുക്കളില്ലാത്ത കാലം വിരളമായിരുന്നുവെന്ന് മാഷ് ഓർക്കുന്നു.
1983ൽ ജീവിത പങ്കാളിയായി എത്തിയ വാസന്തി ടീച്ചർ വലിയ പശു പ്രേമിയായത് തന്റെ പുണ്യമാണെന്ന് വാസുദേവൻ പറയുന്നു. 12 പശുക്കളും നാല് പശുക്കുട്ടികളുമായി വളർന്ന മരുതൂരിലെ ഫാം ഈ അധ്യാപക ദമ്പതികളുടെ കഠിന പ്രയത്നത്തിന്റെ പ്രതീകമാണ്.
തീറ്റ വസ്തുക്കളുടെ വിലക്കയറ്റം തിരിച്ചടിയാണ്. ക്ഷീരസംഘങ്ങളിൽ അളക്കുന്ന പാലിന് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന പാലിന്റെ അധിക വില കിട്ടുന്നില്ലെന്നതും മേഖലക്ക് പ്രതിസന്ധിയാണെന്ന് മാഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.