ആനയുടെ പരാക്രമം; പരിഭ്രാന്തിയുടെ അഞ്ച് മണിക്കൂർ
text_fieldsപാലക്കാട്: പട്ടാമ്പിയിൽ നേർച്ചക്കെത്തിച്ച ആന ലോറിയിൽനിന്ന് ഇറങ്ങിയോടിയതിനെത്തുടർന്ന് നാട് പരിഭ്രാന്തിയിലായത് അഞ്ച് മണിക്കൂറിലേറെ നേരം. വടക്കുമുറിയിൽ നിന്ന് വിരണ്ടോടിയ ആന ചെമ്മംകാട് പ്രദേശത്താണ് നിരവധി വീടുകളും രണ്ട് ഓട്ടോയും സ്കൂട്ടറും തകർത്തത്. ഇവിടെ രണ്ട് വീടുകൾക്ക് സാരമായ കേടുപാടുകളുമുണ്ടായി.
കാളിമടപ്പറമ്പ് സെൽവന്റെ വീടിന്റെ അടുക്കളയും വീടിനോട് ചേർന്ന കടയും പൂർണമായും തകർത്തു. ഇയാളുടെ ഫാമിലെ പശുവും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു പശു ഗുരുതരാവസ്ഥയിലാണ്. മൂന്ന് ലക്ഷത്തിന്റെ നാശമാണുണ്ടായതെന്ന് സെൽവൻ പറഞ്ഞു.
തുടർന്ന് തരവനാട്ടുകളം പാടത്തുകൂടെ ആന കടന്നുപോകുന്നതിനിടെയാണ് പാടത്ത് ചെമ്മരിയാട്ടിൻ കൂട്ടങ്ങൾക്ക് കൂട്ടിരുന്ന തമിഴ്നാട് തെങ്കാശി സ്വദേശി തങ്കസ്വാമിക്ക് പരിക്കേറ്റത്. ഇയാളെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെനിന്ന് ഭാരതപ്പുഴയോരത്തുകൂടെ ഓടിയ ആന അമ്പാട് കാളികാവ്കളം കലാധരന്റെ വീട്ടിലെ പശുക്കുട്ടിയെയും കൊന്നു.
ആനയുടെ ആക്രമണത്തിൽ പശുവിന്റെ കാൽ ഒടിഞ്ഞു. തൊഴുത്തും ഭാഗികമായി തകർത്തു. അമ്പാട് സുരേഷിന്റെ വീടിന്റെ ഗേറ്റും ഷെഡും തകർത്തു. അഞ്ചുമണിക്കൂറോളം ജനങ്ങളെ ഭീതിയിലാഴ്ത്തി വിരണ്ടോടിയ ആനയെ എലിഫന്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് അമ്പാട് സുരേഷിന്റെ പറമ്പിലാണ് തളച്ചത്.
പാലക്കാട് സൗത്ത് സ്പെഷൽ ബ്രാഞ്ച് എസ്.ഐ ശശിധരൻ, കുഴൽമന്ദം എസ്.ഐ സാംജോർജ്, സി.പി.ഒമാരായ ബിജു, വിപിൻ, പാലക്കാട് ഫോറസ്റ്റ് ഓഫിസർ, കുന്നംകുളം എലിഫന്റ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ച രാത്രി നേർച്ചക്കിടെ ആഘോഷ കമ്മിറ്റികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആനപ്പുറത്ത് ഇരുന്നയാളെ ആക്രമിക്കാനും ശ്രമം നടന്നിരുന്നു. ഇതിനിടയിലാണ് ആന ആദ്യം വിരണ്ടോടിയത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയിരുന്നു.
കേസെടുക്കണമെന്ന് ആനപ്രേമി സംഘം
പാലക്കാട്: ഞായറാഴ്ച പട്ടാമ്പി നേർച്ചക്കിടെ എഴുന്നള്ളിച്ച മംഗലാംകുന്ന് മുകുന്ദൻ എന്ന ആനയെ നേർച്ച കമ്മിറ്റിക്കാരിലെ ഒരു വിഭാഗം ചാട്ട കൊണ്ട് അടിക്കുകയും പാപ്പാന്മാരെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കേസെടുക്കണമെന്ന് ആനപ്രേമിസംഘം. മർദനത്തിൽ ആന വിരണ്ടോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ എഫ്.ഐ.ആർ ഇട്ട് ജന്തുദ്രോഹ നിയമപ്രകാരം കേസന്വേഷിച്ച് വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും ആനപ്രേമി സംഘം പാലക്കാട് ജില്ല പ്രസിഡന്റും എസ്.പി.സി.എ അംഗവുമായ ഹരിദാസ് മച്ചിങ്ങൽ പറഞ്ഞു. കമ്മിറ്റിക്കാരെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നടക്കം ആവശ്യമുന്നയിച്ച് ആനപ്രേമി സംഘം ചീഫ് വൈൽഡ് ലൈഫ് വാർഡനും ജില്ല കലക്ടർക്കും ജില്ല പൊലീസ്-വനം-മൃഗസംരക്ഷണ വകുപ്പ് മേധാവികൾക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.