ഇനി കാത്തിരിപ്പ്; അവകാശം വിനിയോഗിക്കാൻ ആവേശത്തോടെ ബൂത്തിലെത്തി ജനം
text_fieldsപട്ടാമ്പി
ലോക്സഭ തെരഞ്ഞെടുപ്പ് പോളിങ് പട്ടാമ്പി മണ്ഡലത്തിൽ ശാന്തമായി നടന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ മുതൽ പോളിങ് സ്റ്റേഷനിൽ വോട്ടർമാരുടെ നീണ്ടനിര കാണാനായി. വി.വി പാറ്റിന് എടുക്കുന്ന സമയം കൂടിയായപ്പോൾ പോളിങ് വേഗത കുറഞ്ഞു. മുതിർന്നവർക്കും ശാരീരികാവശത നേരിടുന്നവർക്കും പ്രത്യേക പരിഗണന നൽകിയിരുന്നു. വെള്ളിയാഴ്ചയായതിനാൽ ഉച്ചക്ക് തിരക്ക് കുറയുമെന്ന് കണക്കു കൂടിയവർക്ക് തെറ്റി. ഇതേ ധാരണയിലെത്തിയവർ ഏറെ നേരം കാത്തുനിന്നാണ് വോട്ട് ചെയ്തത്. വൈകുന്നേരം ആറിന് ഗേറ്റ് അടച്ചപ്പോഴും ഉള്ളിൽ വലിയ നിരയുണ്ടായിരുന്നു. ഇവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ കാരക്കാട് എ.എം.യു.പി സ്കൂളിലിലെ 137 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
കല്ലടിക്കോട്
മേഖലയിൽ രാവിലെ ഏഴ് മുതൽ പോളിങ് മന്ദഗതിയിലായിരുന്നുവെങ്കിലും ഒമ്പത് മുതൽ കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനെത്തിയതോടെ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു. കല്ലടിക്കോട് ജി.എം.എൽ.പി സ്കൂൾ, കല്ലടിക്കോട് എ.യു.പി സ്കൂൾ, കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും നീണ്ട നിര ഉണ്ടായിരുന്നു. പാലക്കാട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ വിവിധ പ്രദേശങ്ങളിൽ പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ച് വോട്ടെടുപ്പ് വിലയിരുത്തി. കെ. ശാന്തകുമാരി എം.എൽ.എ തേങ്കുറുശ്ശി മാനാംകുളമ്പ് എ.ജെ.ബി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്തി.
മണ്ണാര്‍ക്കാട്
മണ്ഡലത്തില്‍ തിരക്കൊഴിയാതെ പോളിങ് കേന്ദ്രങ്ങൾ. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ആനമൂളിയില്‍ സി.പി.എം-ലീഗ് തര്ക്കമുണ്ടായതൊഴിച്ചാല് മറ്റു അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം അഞ്ചോളം ഇടങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ തകരാറിലായത് വോട്ടിങ് തടസ്സപ്പെടാനിടയാക്കി. ഉടനെ തന്നെ തകരാര്‍ പരിഹരിക്കുകയും ചെയ്തു.
വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴ് മുതല്‍ മണ്ഡലത്തിലെ 180 ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഉയര്‍ന്ന ചൂട് കാരണവും ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കേണ്ടതിനാലും ആളുകള്‍ നേരത്തെ എത്തിയതായാണ് വിലയിരുത്തല്‍. അതേസമയം രാവിലെ മുതല്‍ വോട്ടിങ് മന്ദഗതിയിലായത് വോട്ടര്‍മാരെ വലച്ചു. മണിക്കൂറുകള്‍ കാത്തുനിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. പത്തിനു ശേഷം ഇതിന് മാറ്റം വന്നു. തിരക്കുണ്ടായിരുന്നിട്ടും വോട്ടെടുപ്പ് ആരംഭിച്ച് രണ്ടേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 11.21 ശതമാനം പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഉച്ചക്ക് ഒന്നോടെ പോളിങ് 33.10 ശതമാനത്തിലെത്തി. മൂന്നിന് ശേഷമാണ് അമ്പത് ശതമാനം കടന്നത്. വോട്ട് രേഖപ്പെടുത്താന്‍ അവസാനസമയം നിശ്ചയിച്ചിരുന്ന ആറിന് 65.79 ശതമായിരുന്നു പോളിങ്. ആറിനുള്ളില്‍ പോളിങ് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്കി വോട്ട് രേഖപ്പെടുത്താനും അവസരമൊരുക്കി. ആറ് കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.
പത്തിരിപ്പാല
മങ്കര, ലക്കിടി പേരൂർ, മണ്ണൂർ, പഞ്ചായത്ത് പരിധികളിൽ അനിഷ്ട സംഭവം ഒന്നും രേഖപ്പെടുത്തിയില്ല. രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട വരി കാണാമായിരുന്നു. ചൂട് കൂടിയതിനാൽ വോട്ടർമാർക്ക് ഇരിക്കാൻ പന്തൽ സൗകര്യവും ഒരുക്കിയിരുന്നു. 129ാം നമ്പർ മാതൃക പോളിങ് ബൂത്ത് ആയതിനാൽ നാരങ്ങാവെള്ളം, പന്തൽ, ഇരിപ്പിടം എന്നിവയും അധികൃതർ ഒരുക്കിയിരുന്നു. ഈ രണ്ടു ബൂത്തുകളിലും ഉച്ചക്ക് ഒന്ന് വരെ തിരക്കായിരുന്നു. വോട്ടിങ്ങും ഇഴഞ്ഞാണ് നീങ്ങിയത്.
ആലത്തൂർ
പോളിങ് ബൂത്തിൽ മിക്കയിടത്തും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര കാണപ്പെടുന്നു. വോട്ട് രേഖപ്പെടുത്തൽ നടപടി മെല്ലെയാണ് നടക്കുന്നത്. വോട്ടിങ് യന്ത്രത്തിൽനിന്ന് സാവകാശമാണ് ശബ്ദം വരുന്നത്. ശബ്ദം വരുന്നതുവരെ വോട്ടർ കാത്ത് നിൽക്കേണ്ടി വരുന്നതാണ് താമസത്തിന് കാരണമാകുന്നത്.
കോങ്ങാട്
ആറുമണി കഴിഞ്ഞിട്ടും ബൂത്തുകൾക്ക് മുന്നിൽ നീണ്ടനിര. കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂളിലെ 96ാം നമ്പർ ബൂത്തിൽ വൈകീട്ട് ആറിന് മുമ്പെത്തിയ 200 ഓളം സമ്മതിദായകർക്ക് വോട്ട് രേഖപ്പെടുത്താൻ ടോക്കൺ നൽകി സൗകര്യം ചെയ്തു. കുണ്ടുവംപാടം എൽ.പി സ്കൂളിലെ 85ാം നമ്പർ ബൂത്തിലും 200ൽപരം പേർ ഇതേസമയം വോട്ട് രേഖപ്പെടുത്താൻ വരി നിന്നിരുന്നു. പാറശ്ശേരി പി.ബി.യു.പി സ്കൂളിലും വൈകീട്ട് അഞ്ചിന് ശേഷം 150 പേരുടെ നിര രൂപപ്പെട്ടിരുന്നു.
പല്ലശ്ശന
മൂന്ന് ബൂത്തുകളിൽ ഏഴര കഴിഞ്ഞാണ് വോട്ടർമാരുടെ നിര അവസാനിച്ചത്. പല്ലശ്ശന തളൂർ സ്കൂൾ, പഴയകാവ് സ്കൂൾ, പല്ലശ്ശന വി.എ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഏഴര വരെ വോട്ടെടുപ്പ് തുടർന്നത്. പല്ലശ്ശന വി.എ.എം ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് അച്ചനാങ്കോട് എ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ വോട്ടുയന്ത്രം തകരാറായതിനാൽ അരമണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് നടന്നത്.
കോട്ടായി
കോട്ടായി, മാത്തുൽ, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിൽ വൻ തിരക്ക്. ഏഴിന് മുമ്പേ ഓരോ ബൂത്തുകൾക്കു മുന്നിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. പി.പി. സുമോദ് എം.എൽ.എ കോട്ടായി ഗവ: ഹൈസ്കൂളിലെ 21ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.