പെരുമാട്ടി കോവിഡ് ചികിത്സ കേന്ദ്രം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉണർവേകും–മുഖ്യമന്ത്രി
text_fieldsപെരുമാട്ടി: പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ ഉണർവുണ്ടാക്കാൻ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയിൽ ഒരുക്കിയ കോവിഡ് ചികിത്സ കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 വർഷമായി അടച്ചിട്ടിരുന്ന പ്ലാൻറിൽ അടിസ്ഥാന സൗകര്യങ്ങൾ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് ലിമിറ്റഡ് സി.എസ്.ആർ ഉദ്യമത്തിെൻറ ഭാഗമായി മെച്ചപ്പെടുത്തിയ ശേഷമാണ് കെട്ടിടം ജില്ല ഭരണകൂടത്തിന് വിട്ടു നൽകിയത്.
മാതൃകാപരമായ പ്രവർത്തനത്തിന് മുൻകൈയെടുത്ത കമ്പനിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 34 ഏക്കറിൽ 35,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണുള്ളത്. ഇവിടെ 550 കിടക്കകൾ ഒരുക്കി. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെൻറിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് കാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, മുഴുവൻ സമയവും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ.പി, ഫാർമസി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയായി. കെ. ബാബു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മുരുകദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ റിഷ പ്രേംകുമാർ, എം. സതീഷ്, ജോഷി ബ്രിട്ടോ, എസ്. പ്രിയദർശനി, എസ്. അനീഷ്, ബാലഗംഗാധരൻ, വി.എസ്. ശിവദാസ്, ജില്ല കലക്ടര്‍ മൃണ്മയി ജോഷി, ഡി.എം.ഒ ഡോ. കെ.പി. റീത്ത, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് മൂന്നാം തരംഗം നേരിടാൻ സർക്കാർ സജ്ജം–മന്ത്രി വീണ ജോർജ്
പെരുമാട്ടി: കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ചികിത്സ സൗകര്യങ്ങളുമായി സർക്കാർ സജ്ജെമന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കോവിഡ് ചികിത്സ കേന്ദ്രം ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാലും പട്ടികവർഗ ജനസംഖ്യ ധാരാളമായുള്ള മേഖലകൾ ഉള്ളതിനാലും ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് കുറക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ട്രൈബൽ മേഖലകളിൽ മുൻഗണനാക്രമം ഇല്ലാതെ വാക്സിനേഷൻ നടത്തുന്നതിനാൽ നല്ലൊരു ശതമാനം പേരും വാക്സിൻ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.