പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ നിയമസഭ വീണ്ടും പാസാക്കണം -വെൽഫെയർ പാർട്ടി
text_fieldsപാലക്കാട്: ഇരകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക 216.26 കോടി രൂപ കൊക്കക്കോള കമ്പനി പ്ലാച്ചിമട നിവാസികൾക്ക് ഉടൻ നൽകാൻ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ നിയമസഭ ഒരിക്കൽ കൂടി പാസാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. സർക്കാറുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഒത്താശയോടെ ഇരകൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്.
കമ്പനി സ്വത്തുക്കൾ സർക്കാറിന് കൈമാറി അവിടെ കർഷക പദ്ധതികൾ എന്ന പേരിൽ പുതിയ പ്രോജക്ടുകൾ ആരംഭിക്കാനുള്ള നീക്കം കൊക്കക്കോള കമ്പനിയെ രക്ഷിക്കാനുള്ള ഇടതുപക്ഷ സർക്കാറിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. ട്രൈബ്യൂണൽ ബില്ല് നിയമസഭ വീണ്ടും പാസാക്കുക, ഇരകൾക്ക് വേഗത്തിൽ നഷ്ടപരിഹാരം തുക നൽകുക എന്ന് ആവശ്യപ്പെട്ട് പ്ലാച്ചിമടയിൽ നടക്കുന്ന സത്യഗ്രഹത്തിന് ജില്ല എക്സിക്യൂട്ടിവ് പിന്തുണ പ്രഖ്യാപിച്ചു. ഭരണപക്ഷത്തിരിക്കുമ്പോൾ സമരത്തെ മറക്കുകയും പ്രതിപക്ഷത്തായിരിക്കുമ്പോൾ സമരത്തോടൊപ്പം നിൽക്കുകയും ചെയ്യുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ കപട മുഖത്തെ പൊതുജനം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.എസ്. അബു ഫൈസൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മോഹൻദാസ് പറളി റിപ്പോർട്ട് അവതരിപ്പിച്ചു. കൊക്കക്കോള കമ്പനിക്കെതിരെ നടക്കുന്ന വാർഷിക സമര സംഗമത്തിലും കോളക്കമ്പനിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിലും പങ്കെടുത്ത് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് എം. സുലൈമാൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡൻറ് സാബിർ അഹ്സൻ എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ സൈദ് പറക്കുന്നം, ഷംസുദ്ദീൻ, നാസർ എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.