നവീകരണത്തിന് പദ്ധതിയൊരുങ്ങുന്നു; കൊടുവായൂർ മാർക്കറ്റിലെ മാലിന്യം നീക്കി
text_fieldsകൊടുവായൂർ: കൊടുവായൂർ മാർക്കറ്റിലെ മാലിന്യം നീക്കി. മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്നത് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പഞ്ചായത്ത് അധികൃതരെത്തി നീക്കം ചെയ്തത്. മാലിന്യം തള്ളുന്നതിനെതിരെ സി.സി.ടി.വി കാമറകൾ മാർക്കറ്റിൽ സ്ഥാപിക്കണമെന്ന് മാർക്കറ്റിലെ വ്യാപാരികൾ ആവശ്യപ്പെട്ടു.
ഇതോടൊപ്പം അഞ്ച് രൂപ ചിലവിൽ കൊടുവായൂർ മാർക്കറ്റ് നവീകരണത്തിന് പദ്ധതി തയാറാകുന്നു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് നബാർഡിന്റെ സഹായത്തോടെയാണ് കൊടുവായുർ നഗരമധ്യത്തിലുള്ള മാർക്കറ്റ് പൂർണമായും പൊളിച്ചുമാറ്റി ഷോപ്പുകൾ, കോംപ്ലക്സ്, ഹാൾ എന്നിവ നിർമിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള മാർക്കറ്റിൽ 32 കടമുറികളാണ് ഉണ്ടായിരുന്നത്. ആഴ്ച്ചന്തയായി പ്രവർത്തിച്ചു വന്ന മാർക്കറ്റിലെ കെട്ടിടം ജീർണാവസ്ഥയിലായതോടെ ആഴ്ച്ചന്ത നിലച്ചു.
നിലവിൽ മാർക്കറ്റിന് മുൻവശത്തുള്ള ഏതാനും ചില വ്യാപാരികൾ തകർന്ന കെട്ടിടം സ്വന്തം നിലയിൽ താൽക്കാലികമായി അറ്റകുറ്റപണികൾ നടത്തിയാണ് പച്ചക്കറി കച്ചവടം നടത്തുന്നത്. നവീകരണ പദ്ധതി നടപ്പിലാകുന്നതോടെ മാർക്കറ്റിലെ പച്ചക്കറികച്ചവടത്തിന് പഴയ പ്രതാപം തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ജില്ലയിലെ ഏറ്റവും കൂടുതൽ പച്ചക്കറി വാണിഭം നടക്കുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കൊടുവായൂർ മാർക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.