പെരുവെമ്പിൽ പ്ലാസ്റ്റിക് സംഭരണകേന്ദ്രം; പൂർണമായി കത്തിനശിച്ചു
text_fieldsപെരുവെമ്പ്: പെരുവമ്പ് ഇല്ലിയങ്കാട് പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട തീപിടിത്തത്തിൽ സംഭരണകേന്ദ്രം പൂർണമായി കത്തിനശിച്ചു.
പെരുവെമ്പ് ഇല്ലിയങ്കാട്ടിൽ പാലക്കാട്-പുതുനഗരം പ്രധാന റോഡരികിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോടെ തീ പടർന്നത്. ചിറ്റൂർ, കൊല്ലങ്കോട് അഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റുകൾ നാലര മണിക്കൂർ പരിശ്രമിച്ചാണ് രാത്രി എേട്ടാടെ തീയണക്കാനായത്.
ഫാക്ടറിക്ക് സമീപമുള്ള വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇല്ലിയങ്കാട് സ്വദേശി സുൽത്താെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെൽഡിങ്ങിനിടെ പ്ലാസ്റ്റിക്കിലേക്ക് തീ പടർന്നതാണെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം. സമീപത്ത് ഉണങ്ങിയ പുല്ലുള്ളതിനാൽ ഇവിടെ നിന്നാണോ തീ പടർന്നതെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സംഭരിക്കുന്ന പ്ലാസ്റ്റിക്, പേപ്പർ മാലിന്യം വേർതിരിച്ച് സംസ്കരിക്കാനെത്തിക്കുന്ന കമ്പനിയിലാണ് തീപിടിച്ചത്. സംഭവസമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. കമ്പനിയിലെ വാഹനങ്ങളും മറ്റും നാട്ടുകാർ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി.
കേന്ദ്രം അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹംസത്ത് പറഞ്ഞു. മാനദണ്ഡങ്ങൾ അവഗണിച്ച് നിർമിച്ച സംഭരണകേന്ദ്രത്തിന് പഞ്ചായത്തിൽ നിന്നുള്ള അനുമതി ഉണ്ടായിരുന്നില്ല. അടച്ചുപൂട്ടണമെന്നുള്ള പഞ്ചായത്തിെൻറ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു പ്രവർത്തനമെന്നും പ്രസിഡൻറ് പറഞ്ഞു.
അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് രൂക്ഷഗന്ധമുള്ള പുക പടർന്നതോടെ സമീപവാസികളിൽ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാലക്കാട് തഹസിൽദാർ ടി. രാധാകൃഷ്ണൻ, പെരുവെമ്പ് പഞ്ചായത്ത് പ്രസിഡൻറ് ഹംസത്ത്, പുതുനഗരം സർക്കിൾ ഇൻസ്പെക്ടർ ആദംഖാൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ആശങ്കയുടെ മണിക്കൂറുകൾ
പെരുവെമ്പ്: നാട്ടിലാകെ പ്ലാസ്റ്റിക് കത്തിയ വിഷപ്പുക പടർന്നതു മുതൽ ആശങ്കയുടെ മണിക്കൂറുകളാണ് പെരുവെമ്പിൽ കടന്നുപോയത്. ഉയർന്നു പൊങ്ങിയ തീനാളങ്ങൾക്കൊപ്പം കറുത്ത് രൂക്ഷഗന്ധമുള്ള പുകയും പരിസരത്തേക്ക് വ്യാപിച്ചതോടെ പരിസരവാസികളിൽ പലർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. അഗ്നിരക്ഷ സേനയും പൊലീസും സമീപവാസികെള ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പ്ലാസ്റ്റിക് കൂനകളിലേക്ക് പടർന്ന് ആളിയ തീയണക്കാൻ ചിറ്റൂർ, കൊല്ലങ്കോട് അഗ്നിരക്ഷ സേനയുടെ മൂന്ന് യൂനിറ്റുകൾ നാലര മണിക്കൂർ പരിശ്രമിക്കേണ്ടിവന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സംഭരണ കേന്ദ്രം പൊളിച്ചുമാറ്റിയാണ് അഗ്നിരക്ഷ സേന അകത്ത് കടന്നത്.
ഉത്തരേന്ത്യൻ തൊഴിലാളികളാണ് കേന്ദ്രത്തിൽ ഭൂരിഭാഗം ജോലി ചെയ്തിരുന്നത്. കോവിഡിൽ ജീവനക്കാർ കുറഞ്ഞതോടെ സ്ഥാപനത്തിെൻറ പ്രവർത്തനം മന്ദീഭവിച്ചതാണ് പ്ലാസ്റ്റിക് മാലിന്യമടക്കം കുന്നുകൂടാൻ കാരണമെന്ന് ജീവനക്കാർ പറഞ്ഞു. കൂടുതൽ പ്ലാസ്റ്റിക് ഉണ്ടായതാണ് അഗ്നിബാധ നിയന്ത്രിക്കാൻ വൈകിയതെന്ന് ചിറ്റൂർ അസി. സ്റ്റേഷൻ ഓഫിസർ സത്യപ്രകാശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.