പ്ലസ് വൺ: ജില്ലയിൽ 17,000 വിദ്യാർഥികൾ പുറത്ത്
text_fieldsപാലക്കാട്: പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങുമ്പോൾ ജില്ലയിൽ 17000 ത്തിേലറെ വിദ്യാർഥികൾ സീറ്റില്ലാതെ പുറത്ത്. മൂന്നാം അലോട്ട്മെന്റിനുശേഷം പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ജില്ലയിൽ 27,826 വിദ്യാർഥികളാണ് ആകെ പ്രവേശനം നേടിയിട്ടുള്ളത്.
ഇതിൽ മെറിറ്റ് വിഭാഗത്തിൽ 24,290, സ്പോർട്സ് ക്വാട്ടയിൽ 438, എം.ആർ.എസിൽ 110, കമ്മ്യൂണിറ്റി ക്വാട്ടയിൽ 790, മാനേജ്മെന്റ് ക്വാട്ടയിൽ 1387, അൺഎയ്ഡഡ് വിഭാഗത്തിൽ 811 എന്നിങ്ങനെയാണ് പ്രവേശനം നടന്നത്. ജില്ലയിലാകെ 45,225 അപേക്ഷകളാണുണ്ടായിരുന്നത്.
ഇതുപ്രകാരം 17,399 കുട്ടികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്നത്. ഇനിയാകെ 8011 സീറ്റുകൾ മാത്രമാണ് ജില്ലയിൽ ബാക്കിയുള്ളത്. ഇതിലേക്കുള്ള പ്രവേശനത്തിന് ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് വരണം.
കഴിഞ്ഞ അലോട്ട്മെന്റുകളിൽ അപേക്ഷ നൽകാനാകാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം അലോട്ട്മെന്റ് ലഭിക്കാതിരുന്നവർ, സേ പരീക്ഷയിൽ വിജയിച്ചവർ തുടങ്ങിയവർക്കെല്ലാം സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പുതിയ അപേക്ഷ നൽകാം. അപ്പോൾ ഇനിയും അപേക്ഷകളുടെ എണ്ണം വർധിക്കും.
നിലവിൽ മെറിറ്റ് വിഭാഗത്തിൽ 3062, സ്പോർട്സ് ക്വാട്ടയിൽ 264, എം.ആർ.എസിൽ 40, കമ്മ്യൂണിറ്റി വിഭാഗത്തിൽ 148, മാനേജ്മെന്റ് വിഭാഗത്തിൽ 1308, അൺഎയ്ഡഡ് വിഭാഗത്തിൽ 3189 എന്നിങ്ങനെയാണ് സീറ്റ് ഒഴിവുകളുള്ളത്. പുതിയ അപേക്ഷകൾ കൂടി വരുമ്പോൾ അപേക്ഷകരുടെ എണ്ണം വർധിക്കുമെങ്കിലും സീറ്റ് വർധനവുണ്ടാകാത്തതിനാൽ പിന്നെയും ആയിരത്തിലധികം കുട്ടികൾ പുറത്തുനിൽക്കേണ്ടി വരും.
സീറ്റില്ല എന്ന യാഥാർഥ്യം സർക്കാർ അംഗീകരിക്കണം -ഷാഫി പറമ്പിൽ എം.പി
പാലക്കാട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധി സീസണൽ ഇഷ്യു ആക്കി സർക്കാർ ഇനിയും നിലനിർത്തരുതെന്ന് നിയുക്ത എം.പി. ഷാഫി പറമ്പിൽ.
പഠിക്കാൻ വേണ്ടി എല്ലാ വർഷവും കുട്ടികൾ പോരാട്ടം നടത്തുകയാണ്. കേരളത്തിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റില്ല എന്ന യാഥാർഥ്യം സർക്കാർ അംഗീകരിക്കണം. മറ്റു ധൂർത്തുകൾ കുറച്ച് വിദ്യാർഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. സമരം ചെയ്യുന്ന വിദ്യാർഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.