പ്ലസ് വൺ: മൂവായിരത്തോളം വിദ്യാർഥികൾ പുറത്ത്
text_fieldsപാലക്കാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 27,080 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ്. 272 മെറിറ്റ് സീറ്റുകളിൽ ഇനി ഒഴിവുണ്ട്. ജില്ലയിലാകെ 45,225 അപേക്ഷകളാണുള്ളത്. ഇതിൽ മറ്റു ജില്ലകളിൽ നിന്നുള്ള 6600 അപേക്ഷകളുമുണ്ട്. മാനേജ്മെന്റ് അടക്കം 35000ത്തോളം സീറ്റുകളാണ് ജില്ലയിലുള്ളത്. മൂന്നാം അലോട്ട്മെന്റും പൂർത്തിയാകുമ്പോൾ ജില്ലയിൽ മൂവായിരത്തോളം വിദ്യാർഥികളാണ് സീറ്റില്ലാതെ പുറത്തുനിൽക്കുന്നത്.
സർക്കാർ മെറിറ്റ് സീറ്റുകൾ മാത്രം 27,235 എണ്ണമുണ്ട്. മൂന്നാം അലോട്ട്മെന്റിൽ ഭിന്നശേഷി വിഭാഗക്കാർക്കുള്ളതുൾപ്പെടെ 27,352 സീറ്റുണ്ട്. മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകർ സ്വന്തം ജില്ലകളിലേക്ക് പോകുകയും കുറച്ചുപേർ മാനേജ്മെന്റ് വിഭാഗത്തിലുള്ള എണ്ണായിരം സീറ്റുകളിൽ പ്രവേശനം നേടുകയും ചെയ്താലും പിന്നെയും 3000ൽ ഏറെ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാനുണ്ടാകും.
സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പുതുതായി അപേക്ഷകൾ സ്വീകരിക്കുന്നതിനാൽ അപേക്ഷകരുടെ എണ്ണം ഇനിയും വർധിക്കും. നിലവിൽ മൂന്നാം ഘട്ട അലോട്ട്മെന്റിന്റെ പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ പ്രവേശനം നേടാം. സ്പോർട്സ് ക്വോട്ടയിൽ 702 സീറ്റുകളുള്ളതിൽ 530 എണ്ണത്തിലേക്ക് മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് വന്നു. ഇനി 172 സീറ്റ് ഒഴിവുണ്ട്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടാകില്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ച എല്ലാവരും സ്ഥിരം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ നൽകാം. ആദ്യ അലോട്ട്മെന്റിൽ 19,843 വിദ്യാർഥികളും രണ്ടാം അലോട്ട്മെന്റിൽ 20,934 പേരുമാണ് ജില്ലയിൽ പ്രവേശനം നേടിയത്. ഇതിൽ സ്ഥിരമായും താൽക്കാലികമായും പ്രവേശനം നേടിയവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.