ആരുടേതാണ് ഈ തലയോട്ടി? ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് നീക്കം; സമീപം രക്തപ്പാടുകളും കണ്ടെത്തി
text_fieldsകൊല്ലങ്കോട്: മുതലമട വനത്തിനകത്ത് കണ്ടെത്തിയ തലയോട്ടി പൊലീസ് സൂക്ഷ്മ പരിശോധനക്കായി കൊണ്ടുപോയി. മുതലമട പഞ്ചായത്തിൽ മൂച്ചങ്കുണ്ട് പന്തപ്പാറക്കടുത്ത ആലാമ്പാറയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയ തലയോട്ടിയാണ് ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് കൊണ്ടുപോയത്.
വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൂന്നുദിവസങ്ങൾക്കു മുമ്പ് പുളി ശേഖരിക്കാനെത്തിയ ആനക്കെട്ടിമേട് സ്വദേശികളായ ആദിവാസികളായ അയ്യപ്പനും സുരേഷുമാണ് വ്യാഴാഴ്ച തലയോട്ടി കണ്ടെത്തിയത്. തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് പൊലീസിൽ അറിയിച്ചത്.
ശനിയാഴ്ച വൈകീട്ട് മല കയറിയപ്പോൾ തലയോട്ടിക്കു സമീപം കാട്ടാന നിലയുറപ്പിച്ചതിനാൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം പടക്കം പൊട്ടിച്ച് കാട്ടാനയെ പുലർച്ചയോടെ വിരട്ടിയോടിച്ചു.
ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി തലയോട്ടിക്കടുത്ത പ്രദേശങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവയുടെ സംഘങ്ങൾ വനത്തിനകത്ത് പരിശോധന നടത്തി. തലയോട്ടിക്ക് സമീപം രക്തപ്പാടുകളും പൊലീസ് കണ്ടെത്തി. കൊല്ലങ്കോട് സി.ഐ വിപിൻദാസ്, മീനാക്ഷിപുരം സി.ഐ ജെ. മാത്യു, കൊഴിഞ്ഞാമ്പാറ സി.ഐ ശശിധരൻ, പുതുനഗരം സി.ഐ ആദംഖാൻ എന്നിവർ തിരച്ചിലുകൾക്ക് നേതൃത്വം നൽകി. തലയോട്ടിക്ക് നാല് മാസത്തിലധികം പഴക്കമുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.
സൂക്ഷ്മപരിശോധന നടത്തിയശേഷം ചപ്പക്കാട് ആദിവാസി കോളനിയിൽ കഴിഞ്ഞ ആഗസ്റ്റിൽ കാണാതായ യുവാക്കളുടെ ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് തലയോട്ടിയിലുള്ള ഡി.എൻ.എയുമായി പരിശോധന നടത്താനാണ് പൊലീസ് നീക്കം.
ചപ്പക്കാട്ടിൽ യുവാക്കളെ കാണാതായിട്ട് അഞ്ച് മാസം
മുതലമട: ചപ്പക്കാട്ടിൽ യുവാക്കളെ കാണാതായിട്ട് അഞ്ച് മാസം പിന്നിട്ടു. ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ എന്ന സ്റ്റീഫൻ (28), മുരുകേശൻ (26) എന്നിവരെയാണ് കഴിഞ്ഞ ആഗസ്റ്റ് 30 മുതൽ കാണാതായത്. മുരുകൻ വിവാഹിതനാണ്.
ബന്ധുക്കളുടെ പരാതിയിൽ തുടക്കത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് നായ്, ഡ്രോൺ എന്നിവ ഉപയോഗിച്ച് കൊല്ലങ്കോട് പൊലീസ് തിരച്ചിൽ നടത്തി. തെങ്ങിൻ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിൽ ഇതുവരെ ഒരു തുമ്പും ഇല്ലാത്തതിനിടെയാണ് കഴിഞ്ഞ ദിവസം വനത്തിനകത്ത് തലയോട്ടി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.