രാഷ്ട്രീയ വിവേചനം; രജിസ്ട്രേഷൻ പുതുക്കി നൽകാതെ കുടുംബശ്രീ
text_fieldsമാത്തൂർ: രാഷ്ട്രീയ വിവേചനം മൂലം അയൽക്കൂട്ടങ്ങൾക്ക് കുടുംബശ്രീ ജില്ല മിഷൻ രജിസ്ട്രേഷൻ പുതുക്കി നൽകുന്നില്ല. ഇതു കാരണം നൂറോളം കുടുംബങ്ങൾക്ക് നഷ്ടപ്പെടുന്നത് കോവിഡ് വായ്പ ഉൾെപ്പടെയുള്ള ആനുകൂല്യങ്ങൾ. മാത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ് കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ് രജിസ്ട്രേഷൻ പുതുക്കി നൽകാത്തതിനാൽ ദുരിതത്തിലായത്.
പ്രതിവർഷം ഓഡിറ്റിങ് പൂർത്തിയാക്കണമെന്നാണ് കുടുംബശ്രീ വ്യവസ്ഥയെങ്കിലും കഴിഞ്ഞ അഞ്ചു വർഷമായി വിവിധ കാരണങ്ങൾ പറഞ്ഞ് അപേക്ഷ പോലും നിരസിക്കുകയായിരുന്നു. ഒടുവിൽ പഞ്ചായത്ത് മെംബർ ഇടപെട്ട് ജനുവരിയിൽ അപേക്ഷ നൽകുകയും പുതുക്കി നൽകാത്തതിനെ തുടർന്ന് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
ഹൈകോടതി മാർച്ച് 31നകം അഫിലിയേഷൻ പുതുക്കി നൽകാൻ ഉത്തരവിട്ടെങ്കിലും കുടുംബശ്രീ അനങ്ങുന്നില്ല. കുടുംബശ്രീ െതരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അയൽക്കൂട്ടങ്ങൾക്ക് അംഗീകാരം നൽകാതെ പ്രതികാര നടപടിയുമായി മുന്നോട്ടുപോകുന്നത്. കുടുംബശ്രീ ജില്ല മിഷന് മുന്നിൽ സമരത്തിനൊരുങ്ങുകയാണ് നൂറോളം കുടുംബങ്ങൾ. മാത്തൂർ പഞ്ചായത്തിലെ 14ാം വാർഡിൽ പ്രവർത്തിക്കുന്ന ആറ് അയൽക്കൂട്ടങ്ങളാണ് രാഷ്ട്രീയ വിവേചനം കാരണം പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ പ്രയാസത്തിലായത്.
പലതവണ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് രജിസ്ട്രേഷൻ നിരസിച്ചതായും ഇക്കാരണം പറഞ്ഞ് സി.ഡി.എസ് തെരഞ്ഞെടുപ്പിൽ ആറ് അയൽക്കൂട്ടങ്ങളിലെ പ്രവർത്തകർക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുകയാണെന്നും അംഗങ്ങൾ പരാതിപ്പെടുന്നു. രജിസ്ട്രേഷൻ പുതുക്കിനൽകുന്നതിന് തടസ്സം നിൽക്കുന്നതിൽ പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സന് പങ്കുണ്ടെന്നും കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തതിന് ഇവർക്കെതിരെ കോടതീയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും വാർഡ് മെംബർ ഉദയപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.