തിരുച്ചെന്തൂർ - പൊള്ളാച്ചി ട്രെയിൻ പാലക്കാട് വരെ നീട്ടി
text_fieldsപാലക്കാട്/കൊല്ലേങ്കാട്: കേരളത്തെ വെട്ടി പൊള്ളാച്ചിയിൽ സർവിസ് അവസാനിപ്പിക്കാൻ തീരുമാനിച്ച തിരുച്ചെന്തൂർ - പൊള്ളാച്ചി ട്രെയിൻ ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ പാലക്കാട് വരെ നീട്ടി. ഡിസംബർ ഒന്നിന് ദക്ഷിണ റെയിൽവേ പ്രസിദ്ധീകരിച്ച പുനഃസ്ഥാപിക്കുന്ന ട്രെയിനുകളുടെ പട്ടികയിൽ തിരുച്ചെന്തൂർ - പൊള്ളാച്ചി ട്രെയിൻ പാലക്കാട് സർവിസ് ഒഴിവാക്കുമെന്നായിരുന്നു. ഇതിനിടെ തമിഴ്നാട് സമ്മർദം ശക്തമാക്കിയതോടെ കോയമ്പത്തൂർ വരെ സർവിസ് ദീർഘിപ്പിക്കാനായിരുന്നു നീക്കം. തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർവിസ് പുനരാരംഭിക്കുന്നത് നിർത്തിയതായി ചൊവ്വാഴ്ച റെയിൽവേ അറിയിക്കുകയായിരുന്നു. പാലക്കാട് - പൊള്ളാച്ചി സ്പെഷൽ പാസഞ്ചർ ട്രെയിനിനെ കണക്ഷൻ ട്രെയിനായി സർവിസ് നടത്തുവാനുള്ള തീരുമാനം ഇതോടെ റദ്ദാക്കുമെന്നും റെയിൽവേ അറിയിച്ചു.
ഷൊർണൂർ-നിലമ്പൂർ പാത ജനുവരിയിൽ സജീവമാകുമെന്ന് പ്രതീക്ഷ
ഷൊർണൂർ: ഷൊർണൂർ -നിലമ്പൂർ പാത ജനുവരിയോടെ സജീവമാകുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. നിലവിൽ രണ്ട് ട്രെയിനുകൾ ഈ പാതയിൽ ഓടുന്നുണ്ടെങ്കിലും ബഹുഭൂരിഭാഗം സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർക്ക് പ്രയോജനമില്ല. സ്റ്റോപ്പുകളില്ലാത്തതിനാൽ യാത്രക്കാർ വളരെ കുറവാണ്. ഇത് വരുമാനത്തെയും ഏറെ ബാധിച്ചതിനാൽ റെയിൽവേ അധികൃതരും പുനർവിചിന്തനത്തിെൻറ ട്രാക്കിലാണ്. ജനുവരിയോടെ ഈ പാതയിലെ പാസഞ്ചർ ട്രെയിനുകളടക്കം ഓട്ടം പുനരാരംഭിക്കാനാണ് നീക്കം. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഡിവിഷൻ ആസ്ഥാനമായ പാലക്കാട്ടേക്ക് ലഭിച്ചിട്ടില്ല.
ട്രാക്കുകൾക്കരികിലുള്ള പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ആപ്പുകൾ അഴിച്ച് തുരുമ്പ് കളഞ്ഞ് ഗ്രീസ് പുരട്ടുന്ന ജോലി പുരോഗമിച്ച് വരികയാണ്. എക്സ്പ്രസ് ട്രെയിനടക്കം രണ്ട് ട്രെയിനുകൾ നിലവിൽ ഈ റൂട്ടിലോടുന്നുണ്ട്. അതിനാൽ ദൈനംദിനം നടത്തേണ്ട അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളുമായുള്ള നിരവധി സീസൺ ടിക്കറ്റ് യാത്രക്കാരും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ വലയുകയാണ്. നിറയെ ആശുപത്രികളുള്ള പെരിന്തൽമണ്ണയിലെത്തേണ്ട രോഗികളും ബന്ധുക്കളും വലിയ തുക നൽകി ടാക്സിയിലും മറ്റുമാണ് യാത്ര ചെയ്യുന്നത്. പാലക്കാട് -നിലമ്പൂർ പാസഞ്ചർ ട്രെയിൻ സർവിസ് ഓടിച്ച് തുടങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. വൈകാതെ മറ്റ് പാസഞ്ചർ ട്രെയിനുകളും ഓടും.
സമയം കൂടി ശരിയാക്കണമെന്നാവശ്യം
പാലക്കാട് - പൊള്ളാച്ചി റെയിൽവേ ലൈൻ മീറ്റർ ഗേജ് ആയിരുന്ന കാലത്തുണ്ടായിരുന്ന ആറ് ജോഡി പാസഞ്ചർ ട്രെയിനുകൾക്ക് പകരം ബ്രോഡ്ഗേജ് ആയ ശേഷം കേരളത്തിനു ലഭിച്ച ഏക പാസഞ്ചർ ട്രെയിനാണ് തിരുെച്ചന്തൂർ. പാലക്കാട് മുതൽ പൊള്ളാച്ചി വരെയുള്ള ലൈനിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉള്ള ഏക ട്രെയിനും കൂടിയാണിത്. ഉച്ചയ്ക്ക് 12.05ന് തിരുച്ചെന്തൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് പാലക്കാട് എത്തും. രാവിലെ 04.55ന് പാലക്കാട് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 3.45ന് തിരുച്ചെന്തൂരിെലത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതേ റൂട്ടിലൂടെ മധുരൈ-തിരുവനന്തപുരം അമൃത എക്സപ്രസ് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഒാടുന്നത്. നിലവിലെ സമയക്രമത്തിൽ തിരിച്ചെന്തൂർ പാസഞ്ചർ പുനഃസ്ഥാപിച്ചാലും മേഖലയിലെ യാത്രാേക്ലശം പരിഹരിക്കപ്പെടില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. തിരുെച്ചന്തൂർ പാസഞ്ചറിെൻറ സമയം ഉപകാരപ്രദമായ രീതിയിൽ പുനഃക്രമീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ആശ്വാസമാകണമെങ്കിൽ ഇനിയുമുണ്ടാവശ്യങ്ങൾ
രാമേശ്വരം ട്രെയിൻ ഉൾപ്പെടെ ആറ് ജോഡി പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും തിരുച്ചെന്തൂർ -പൊള്ളാച്ചി പാസഞ്ചറിനെ പാലക്കാേട്ടക്ക് ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആനമല, മീനാക്ഷിപുരം, കൊല്ലങ്കോട്, പുതുനഗരം എന്നിവിടങ്ങളിൽ വിവിധ പാസഞ്ചേഴ്സ് അസോസിയേഷനുകൾ ഒപ്പുശേഖരണം നടത്തിയിരുന്നു. പാലക്കാട് ഡി.ആർ.എമ്മിനെ നേരിൽക്കണ്ട് നിവേദനവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.