റോബിസൺ റോഡിൽ കുഴികൾ വ്യാപകം
text_fieldsപാലക്കാട്: നഗരത്തിലെ രണ്ട് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന റോബിസൺ റോഡിൽ കുഴികൾ വ്യാപകം. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുഴികൾ കൂടുതലുള്ളത്. മഴയിൽ വെള്ളം നിറയുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
മിഷ്യൻ സ്കൂൾ ഭാഗത്ത്നിന്ന് ജില്ല ആശുപത്രിയിലേക്കും സുൽത്താൻപേട്ട റോഡിലേക്കും തിരികെയും നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റെയിൽവേ ഇവിടെ പണി നടത്തിയിരുന്നു. തുടർന്ന് കുഴികൾ അടച്ചെങ്കിലും മഴയിൽ ടാറും മെറ്റലും അടർന്ന് കുഴികൾ രൂപപ്പെട്ടു. ഇതിന് പുറമെ റോഡിൽ പലയിടത്തും വേറെയും കുഴികളുണ്ട്. മഴ ശക്തമായാൽ റോഡിൽ വെള്ളക്കെട്ടും പതിവാണ്.
കുഴികളിൽ വാഴനട്ട് പ്രതിഷേധം
പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ മഴക്കാലം തുടങ്ങിയതോടെ രൂപപ്പെട്ട ഗർത്തങ്ങൾ ഗതാഗതത്തിന് ഭീഷണിയാകുന്നു. വെള്ളം നിറഞ്ഞതിനാൽ കുഴികൾ കാണാനാകാത്ത അവസ്ഥയാണ്. സംസ്ഥാനപാത പഴയലക്കിടി മുതൽ 14ാം മൈൽ മൗണ്ട് സീന വരെ ചെറുതും വലുതുമായ കുഴികളുണ്ട്. പലതവണ ആവശ്യപെട്ടിട്ടും പൊതുമരാമത്ത് കുഴി മൂടാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ലക്കിടി പേരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു.
യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ആകുലൂർ നിത്യനന്ദ ആശ്രമം മഠാധിപതി നിത്യാനന്ദ ആവശ്യപ്പെട്ടു. അനസ് സക്കീർ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ മാങ്കുറുശ്ശി, അബ്ദുൽ ഖാദർ, അലി, ബാലസുബ്രഹ്മണ്യൻ, ബഷീർ, യുനസ്, ഹമീദ്, ലീല, ജംസി, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.