കളിമണ്ണുപോലെ കുഴഞ്ഞ് കുംഭാര ജീവിതം
text_fieldsപെരിങ്ങോട്ടുകുറുശ്ശി: മൺപാത്ര നിർമാണം കുലത്തൊഴിലാക്കിയ കുംഭാര സമൂഹത്തിന്റെ ജീവിതം ഇന്നും കുഴഞ്ഞുമറിഞ്ഞ് തന്നെ. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ പെരിങ്ങോട്ടുകുറുശ്ശിയിൽ 31 കുടുംബങ്ങൾ, കോട്ടായി പുളി നെല്ലിഖേലയിൽ 38 കുടുംബങ്ങൾ, കുത്തനൂരിൽ 22, കുഴൽമന്ദം - 4 2, തേങ്കുറുശ്ശി - 37 എന്നിങ്ങനെയാണ് മേഖലയിലെ കുംഭാര സമുദായ കുടുംബങ്ങളുടെ എണ്ണം.
കളിമണ്ണ് ലഭിക്കാത്തതാണ് ഇവർ നേരിടുന്ന വലിയ പ്രശ്നം. ഭൂമിയുടെ തരം തിരിവിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടെ നിന്നും കളിമണ്ണ് എടുക്കരുത് എന്നാണ് വ്യവസ്ഥ. പറമ്പുകളിൽനിന്ന് എടുക്കാമെങ്കിലും അത്തരം മണ്ണ് മൺപാത്ര നിർമാണത്തിന് പറ്റിയതല്ല. വയലുകളിലെ കളിമണ്ണാണ് യോജിച്ചത്. അത് എടുക്കാനും പറ്റില്ല. മിക്കയിടങ്ങളിലും പാത്ര നിർമാണത്തിന് യന്ത്രമില്ല. പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നാണ് 50,000 രൂപ സബ്സിഡിയോടെ ഇതനുവദിക്കാറുള്ളത്. അപേക്ഷിച്ചവർ പലരും ഇന്നും കാത്തിരിപ്പാണ്.
പരമ്പരാഗത വ്യവസായമായി അംഗീകരിക്കാത്തതിനാലും ഇവർക്കായി പ്രത്യേക തൊഴിൽ സംഘടന ഇല്ലാത്തതിനാലും മൺപാത്ര വിപണനത്തിന് പ്രത്യേക സംവിധാനങ്ങളില്ല. ചെടിച്ചട്ടികളും അലങ്കാരച്ചട്ടികളും അത്യാവശ്യം വിൽപനയുണ്ടായിരുന്നിടത്ത് പ്ലാസ്റ്റിക് ചെടിച്ചട്ടികളുടെ കടന്നുവരവും വയറ്റത്തടിയായി. മൺ പാത്ര നിർമാണം പരമ്പരാഗത വ്യവസായമായി അംഗീകരിക്കാത്തത് ഇവർക്ക് തിരിച്ചടിയാണ്. ആദി ആന്ധ്ര വിഭാഗത്തിൽ ഉൾപെടുന്ന കുംഭാരമാർ കുംഭാരൻ, കൊശവൻ, കുലാലൻ എന്ന ജാതി സമുദായത്തിൽ ഉൾപെട്ടവരാണ്. ആദി ആന്ധ്ര വിഭാഗക്കാരായ ഇവർ പ്രാകൃത തെലുങ്ക് സംസാരഭാഷയായി സൂക്ഷിക്കുന്നവരാണ്. ആദി ആന്ധ്ര വിഭാഗക്കാർ ഇന്നില്ല. പുതുതലമുറയുടെ രേഖകളിൽ ജാതി കുംഭാരൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വിദ്യാഭ്യാസം, ജോലി ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസുകളിൽ ചെന്നാൽ പിതാവിന്റെ ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കാൻ പറയും. പിതാവിന്റെ ജാതി ആദി ആന്ധ്ര എന്നായിരിക്കും. ഇതോടെ ജാതി സർട്ടിഫിക്കറ്റ് തരാൻ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാറാണ് പതിവെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.