കരിമ്പയിൽ കാറ്റും മഴയും; വൈദ്യുതി മുടങ്ങി, വ്യാപക നാശം
text_fieldsകല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ നേരിയ മഴയും ശക്തമായ കാറ്റും വ്യാപക നാശനഷ്ടം വിതച്ചു. വീടുകൾക്കുമുകളിലും വൈദ്യുതി ലൈനുകൾക്ക് മുകളിലും മരം പൊട്ടിവീണ് വൻനാശനഷ്ടം. പ്രധാനപാതകളിൽ വൈദ്യുതി പോസ്റ്റുകൾ തകർന്ന് മരങ്ങൾ കടപുഴങ്ങി വീണും വാഹനഗതാഗതം തടസ്സപ്പെട്ടു. കല്ലടിക്കോട്-വാക്കോട്-തുടിക്കോട് പാതകളിൽ മരം വീണു. തുപ്പനാട്-ചെമ്പൻത്തിട്ട, മരുതംകാട്-മൂന്നേക്കർ എന്നിവിടങ്ങളിലും പോസ്റ്റ് നിലംപൊത്തി. വ്യാഴാഴ്ച വൈകീട്ട് 5.30നാണ് ശക്തമായ കാറ്റ് വീശിയത്.
അഗ്നി രക്ഷസേന സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കാനും അപകട സാഹചര്യം ഒഴിവാക്കാനും സ്ഥലത്തെത്തി. അതേസമയം, മീൻവല്ലം ഭാഗത്ത് മഴ ലഭിച്ചില്ല. വൈദ്യുതി വിതരണം താറുമാറായി ഭൂരിഭാഗം മലയോര ഗ്രാമങ്ങളും ഇരുട്ടിലായി. വൈദ്യുതി പോസ്റ്റുകൾ പുനഃസ്ഥാപിച്ചാലേ വൈദ്യുതി വിതരണം പുനരാരംഭിക്കാനാവു. തുപ്പനാട്-മീൻവല്ലം റോഡിൽ ചെമ്പൻതിട്ട, വഴുക്കപ്പാറ, മരുതുംകാട്, മൂന്നക്കർ എന്നിവിടങ്ങളിൽ വഴിനീളെ മരങ്ങൾ വീണ് കിടക്കുകയാണ്.
ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് രാത്രി വൈകിയും മരങ്ങൾ മുറിച്ചുനീക്കി ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കല്ലടിക്കോട്-വാക്കോട് തുടിക്കോട് റോഡിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിൽ മരംവീണ് തുടിക്കോട് കാഞ്ഞിരംപാറ കുഞ്ഞന്റെ വീടിന്റെ മേൽക്കൂര തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.