മഴക്കാല പൂർവ ശുചീകരണം: മാലിന്യ കൂമ്പാരത്തിന് കുറവില്ല
text_fieldsകൊടുവായൂർ: നാടെങ്ങും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് സർക്കാർ നിർദേശിക്കുമ്പോഴും മിക്ക പഞ്ചായത്തുകളുടെ റോഡിന്റെ വശങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നു. ഓവുചാലുകളിലും തോടുകളിലും വറ്റിയ കുളങ്ങളിലുമെല്ലാം ഇറച്ചി മാലിന്യം മുതൽ പ്ലാസ്റ്റിക് മാലിന്യം വരെ കെട്ടിക്കിടക്കുന്ന കാഴ്ചയാണ് മിക്ക പഞ്ചായത്തുകളിലും. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, വടവന്നൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, പട്ടഞ്ചേരി, കണ്ണാടി തുടങ്ങിയ പഞ്ചായത്തുകളിൽ റോഡിന്റെ വശങ്ങളിൽ മാലിന്യം കുന്നുകൂടുകയാണ്.
പൊതു ഇടങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തുകൾ പരസ്യപ്പെടുത്തിയെങ്കിലും ചില പഞ്ചായത്തുകൾ മാത്രമാണ് ചെറിയ നടപടിയെങ്കിലും എടുത്തത്. ഭൂരിഭാഗം പഞ്ചായത്തുകളും നടപടി എടുക്കാതെ മൗനം പാലിക്കുകയാണ്. പുതുനഗരം-പെരുവെമ്പ് റോഡ് , പെരുവെമ്പ്-മണ്ണത്ത് കാവ് റോഡ്, കൊടുവായൂർ-കിണാശ്ശേരി റോഡ്, കൊല്ലങ്കോട്-കാമ്പ്ര ചള്ള റോഡ്, കാമ്പ്രത്ത് ചള്ള-വണ്ടിത്താവളം റോഡ്, പയ്യല്ലൂർ- മുക്ക് കരിങ്കുളം റോഡ്, നെന്മാറ-പല്ലാവൂർ കാക്കയൂർ റോഡ്, കൊടുവായൂർ-പിട്ടുപീടിക റോഡ്, പുതുനഗരം-തത്തമംഗലം റോഡ്, കരിപ്പോട്-പല്ലശ്ശന റോഡ് എന്നിവയുടെ വശങ്ങളിലെല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്.
പുതുനഗരം പഞ്ചായത്തിൽ മാലിന്യം കൊണ്ടുപോകുന്ന വാഹനം ഇല്ലാത്ത അവസ്ഥയാണുള്ളത്. കൊടുവായൂരിലും കൊല്ലങ്കോടിലും നീക്കം ചെയ്യാൻ വാഹനം ഉണ്ടെങ്കിലും മാലിന്യം ശേഖരിക്കുന്നത് എല്ലാ പ്രദേശങ്ങളിലും വ്യാപിച്ചിട്ടില്ല. കുളങ്ങളിലും നീർച്ചാലുകളിലും തള്ളിയ മാലിന്യം മഴക്കുമുമ്പേ എടുത്തു മാറ്റിയില്ലെങ്കിൽ മഴവെള്ളത്തിൽ മാലിന്യം കെട്ടിക്കിടന്ന് വൻതോതിൽ പകർച്ച രോഗങ്ങൾ പടരുവാൻ ഇടയാകുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
കൊടുവായൂർ-കിണാശ്ശേരി റോഡിനിവശത്തും മാലിന്യം തള്ളാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും കൊടുവായൂർ പഞ്ചായത്തും കണ്ണാടി പഞ്ചായത്തും നടപടി സ്വീകരിച്ചിട്ടില്ല. പെരുവമ്പ് പഞ്ചായത്തിൽ പെരുവമ്പ് ടൗണിലാണ് മാലിന്യം കുന്നുകൂടുന്നത്. മുതലമട പഞ്ചായത്തിൽ കാമ്പ്ര ചള്ളയിൽ മാലിന്യം കുന്നുകൂടുമ്പോഴും നടപടികൾ മന്ദഗതിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.