രണ്ടാംവിള നെൽകൃഷിക്ക് ഒരുക്കം തകൃതി
text_fieldsപാലക്കാട്: ജില്ലയിലെ കിഴക്കൻമേഖലയിൽ കർഷകർ രണ്ടാംവിള കൃഷിപ്പണികൾക്ക് ഒരുക്കം തുടങ്ങി. പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ് കൃഷിയറക്കുന്നത്. ഞാറ്റടികൾ പറിച്ചുനടാൻ തുടങ്ങി. പാടശേഖരങ്ങളിൽ ഏകീകരിച്ച് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥ ഈ സീസണിലുമുണ്ട്. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളക്ക് ഉപയോഗിക്കുന്നത്.
ജില്ലയിലെ നെൽകൃഷിയുടെ ജലസേചനത്തിന് ഉപയോഗിക്കുന്ന ജില്ല പ്രധാന അണക്കെട്ടായ മലമ്പുഴയിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് ആശങ്കയിലാക്കുന്നുണ്ട്. ഇതിനുപുറമെ പറമ്പിക്കുളം ആളിയാർ കാരാർ പ്രകാരമുള്ള വെള്ളം ലഭിക്കാത്തതും കൃഷിയെ ബാധിക്കുന്നുണ്ട്.
രണ്ടാം വിള ശരാശരി ജില്ലയിൽ 35000 ഹെക്ടർ സ്ഥലത്താണ് കൃഷിയറക്കാറുള്ളത്. അതേസമയം ഒന്നാം വിള കൊയ്ത്തുകഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടക്കാത്തതും സംഭരിച്ച നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസവും കർഷകരെ ഏറെ ആശങ്കിലാക്കുന്നു.
നിലം ഉഴുതുമറിക്കാൻ ട്രാക്ടർ വാടകയും വളപ്രയോഗം നടത്താനും എവിടെനിന്നും പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് കർഷകർ. ബാങ്കിൽനിന്നും വായ്പതരപ്പെടുത്തിയാണ് പലരും ഒന്നാം വിളയറിക്കിയത്. നെല്ല് വില കിട്ടാൻ കാലതാമസം വന്നതോടെ തിരിച്ചടവ് മുടങ്ങിയതിനാൽ വീണ്ടും ബാങ്കിനെ സമീപക്കാൻ പറ്റാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.