വിലക്കയറ്റം: കീശ കാലിയാക്കി പഴം-പച്ചക്കറി വിപണി
text_fieldsപാലക്കാട്: നാടെങ്ങും തെരഞ്ഞെടുപ്പ് ചൂടിലാണ്. കത്തിയെരിയുന്ന വെയിലിനെയും തോൽപ്പിക്കുന്ന ആവേശം. വെയിൽച്ചൂടിനൊപ്പം വിപണിയിൽ വിലക്കയറ്റവും കൂടിയായതോടെ സാധാരണക്കാരന് ഇരട്ടി ദുരിതമാണ്. റമദാൻ-വിഷുവുമൊക്കെ പിന്നിട്ടത് അറിയാത്തപോലാണ് വിപണിയിലെ വില നിലവാരം. പഴം -പച്ചക്കറി വിപണിയിൽ വില ഉയർന്നുതന്നെ തുടരുന്നത് വീടുകളെ മാത്രമല്ല ഹോട്ടൽ വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
പൊള്ളുന്ന പച്ചക്കറി
വിഷുക്കാലത്ത് നേരിയ വിലക്കയറ്റം പതിവാണെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അത് കുറയുന്ന പതിവ് ഇക്കുറിയുണ്ടായില്ല. നേരത്തെ നാമമാത്രമായെങ്കിലും ഇടപെട്ടിരുന്ന ഹോർട്ടികോർപ്പിനും തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കാര്യമായൊന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്.
അയൽസംസ്ഥാനങ്ങളിൽ വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് പച്ചക്കറി വില ഉയരാൻ കാരണമാവുന്നതെന്ന് വ്യാപാരികൾ പറയുന്നു. പ്രതികൂല കാലാവസ്ഥ മുതൽ വിവിധ ആഘോഷങ്ങൾ വരെ തദ്ദേശ ഉപഭോഗം വർധിപ്പിച്ചതും അവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറച്ചു. ഉരുളക്കിഴങ്ങിന് 55 രൂപയും അമര, പാവയ്ക്ക, ബീൻസ്, കൊത്തവര എന്നിവക്ക് 60-80 രൂപ വരെയും പടവലം, വഴുതിന എന്നിവക്ക് 40-45 രൂപ വരെയും കാപ്സിക്കം 75 രൂപയും പച്ചമുളകിന് 90 രൂപയും ചേനക്ക് 65 രൂപയുമാണ് വിപണി വില. 300 കടന്ന വെളുത്തുള്ളിക്ക് വില കുറഞ്ഞെങ്കിലും വേനലിൽ നാരങ്ങക്ക് 200 രൂപ വരെയെത്തിയിട്ടുണ്ട്. തക്കാളിക്കും ഉള്ളിക്കും ഓരോ ദിവസവും വിലവ്യത്യാസം വരുന്നുണ്ട്. 26 രൂപയുണ്ടായിരുന്ന കക്കിരിവില 70 രൂപയിലെത്തി നിൽക്കുന്നു. കാബേജ് വില 110 ആണ്. കാരറ്റ് വില 70. പയർ 80 വെണ്ടക്ക 70, മുരിങ്ങ 100, വെള്ളരി 44 എന്നിങ്ങനെയാണ് വിപണിയിലെ നിരക്ക്.
പഴമെന്ന് പറയാൻ വരട്ടെ
ഉത്സവ സീസൺ കഴിയാറായിട്ടും പഴവിപണിയിൽ വിലക്കയറ്റത്തിനൊട്ടും കുറവില്ല. 180 രൂപ വരെ വിലയുണ്ടായിരുന്ന ആപ്പിളിന് ഇപ്പോൾ 220 മുതൽ 260 വരെയാണ് വില. രണ്ടാഴ്ച മുമ്പ് 100 രൂപക്ക് നാലു കിലോയിലേറെ മുന്തിരി പാക്കറ്റാക്കി വാഹനങ്ങളിൽ വിറ്റിരുന്നു. എന്നാലിപ്പോൾ കിലോയ്ക്ക് 90 രൂപയായി വില ഉയർന്നു.
തണ്ണിമത്തൻ 25-30, ഓറഞ്ച് 120, പൈനാപ്പിൾ 90, നേന്ത്രപ്പഴം 60, മൈസൂർ പൂവൻ 50, ഞാലിപ്പൂവൻ 70, സപ്പോട്ട 90, മുസമ്പി 90, ചോളം 40, മാങ്ങ 140-220, മാതളം 180 എന്നിങ്ങനെയാണ് വില. വേനൽ കനത്തതോടെ ജ്യൂസ് വിഭവങ്ങൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. വേനൽമഴയുടെ വരവിനെ അപേക്ഷിച്ചാകും വിപണി. മഴയുണ്ടായില്ലെങ്കിൽ ഏപ്രിൽ പിന്നിടുന്നതോടെ മേയിൽ വില അമിതമായി ഉയർന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു.
വാടിക്കരിഞ്ഞ് അയലത്തെ തോട്ടങ്ങൾ
വിലയുയരുമ്പോൾ താങ്ങാകേണ്ടിയിരുന്ന തദ്ദേശീയ ഉദ്പാദനം നാമമാത്രമായത് ഒട്ടൊന്നുമല്ല വിപണിയെ അലോസരപ്പെടുത്തുന്നത്. തദ്ദേശീയ പച്ചക്കറി കൃഷിക്ക് വില്ലനായത് ജലദൗർലഭ്യവും കനത്ത ചൂടുമാണ്. സുലഭമായിരുന്ന മാങ്ങയും ചക്കയും പോലും ഇക്കുറി കാലാവസ്ഥാമാറ്റം അപഹരിച്ചു. പൂവിടാൻ മടിക്കുന്ന മാവുകളും കായ് പിടിക്കാത്ത പ്ലാവുകളും നോക്കി നെടുവീർപ്പിടുകയാണ് കർഷകരും കച്ചവടക്കാരും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാട്ടിൻപുറങ്ങിലെ മാവുകളിൽ നിന്ന് മാങ്ങ വിപണിയിലെത്താറുണ്ട്. ഇത്തവണ മാർച്ച് മാസത്തിലാണ് പലയിടങ്ങളിലും മാങ്ങയും ചക്കയും കായ്ച്ചു തുടങ്ങിയത്, അതും നാമമാത്രം. ആവശ്യക്കാരുണ്ടെങ്കിലും മാങ്ങ സുലഭമായി കിട്ടാനില്ലെന്ന് കച്ചവടക്കാരും പറയുന്നു. കണ്ണിമാങ്ങയ്ക്കും കടുത്ത ക്ഷാമമുണ്ടായി. 130 രൂപയാണ് ഒരുകിലോ കണ്ണിമാങ്ങയ്ക്കുള്ളത്. 100 രൂപയായിരുന്നു കഴിഞ്ഞവർഷം ഒരു ചക്കയ്ക്ക് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.