നെല്ലിന്റെ താങ്ങുവില; കർഷകർക്ക് പ്രതീക്ഷയും ആശങ്കയും
text_fieldsപാലക്കാട്: നെല്ലിന്റെ താങ്ങുവില കിലോക്ക് 1.17 രൂപ വർധിപ്പിച്ച് 23 രൂപയാക്കിയതിൽ ആശങ്കയും പ്രതീക്ഷയുമായി ജില്ലയിലെ നെൽകർഷകർ. മുൻവർഷങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില വർധിപ്പിക്കുമ്പോൾ കേരളം അതിന് ആനുപാതികമായി പ്രോത്സാഹന ബോണസിൽ വെട്ടിക്കുറവ് വരുത്തുകയാണ് പതിവ്. ഈ സീസണിലും നെല്ലിന്റെ അടിസ്ഥാന താങ്ങുവില വർധിപ്പിച്ചെങ്കിലും അതിന്റെ ഗുണം ലഭിക്കുമോ എന്നാണ് ആശങ്ക. നിലവിൽ കേന്ദ്രത്തിന്റെ താങ്ങുവില വിഹിതം 21.83 രൂപയും സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതം 6.37 രൂപയുമാണ്. കൈകാര്യ ചെലവ് അടക്കം 28.32 രൂപയാണ് നിലവിൽ കർഷകന് ലഭിക്കുന്നത്.
കേന്ദ്രത്തിന്റെ വർധനവ് അതേപടി കർഷകർക്ക് അനുവദിച്ചാൽ താങ്ങുവില കിലോക്ക് 29.37 രൂപയാകും. 2015-16 സീസണിൽ പ്രോത്സാഹന വില കിലോക്ക് 7.40 രൂപയായിരുന്നു. 2016-17ൽ 40 പൈസ വർധിപ്പിച്ച് 7.80 രൂപയാക്കി. തൊട്ടടുത്ത രണ്ടു വർഷങ്ങളിലും പ്രോത്സാഹന ബോണസ് ഉയർത്തിയില്ലെങ്കിലും 2019-20ൽ ഒരു രൂപയുടെ വർധനവ് വരുത്തി 8.80 രൂപയാക്കി. 2020-21ൽ അതേ സ്ഥിതി തുടർന്നു. 2021-22 സാമ്പത്തിക വർഷം മുതലാണ് സംസ്ഥാന സർക്കാർ പ്രോത്സാഹന വിഹിതം വെട്ടിക്കുറക്കൽ ആരംഭിച്ചത്. മുൻവർഷത്തെ സംസ്ഥാന വിഹിതത്തിൽനിന്ന് 2021-22ൽ 20 പൈസ കുറച്ച് 8.60 രൂപയാക്കി. തുടർന്ന് തൊട്ടടുത്ത വർഷം 80 പൈസ കുറച്ചു. പിന്നീട് 1.43 രൂപ കുറച്ചതോടെ 2023-24ൽ സംസ്ഥാന വിഹിതം 6.37 രൂപയായി കുറഞ്ഞു.
ജില്ലയിൽ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ ഒന്നാം വിള ശരാശരി 35,000 ഹെക്ടറിലും രണ്ടാം വിള 42,000 ഹെക്ടറിലും കൃഷിയിറക്കും. രണ്ടും സീസണലുമായി നാലുലക്ഷത്തോളം ടൺ നെല്ല് ജില്ലയിൽ ഉൽപാദിക്കുന്നുണ്ട്. എന്നാൽ വിളയിറക്കൽ, പരിപാലനം, വിളവെടുപ്പ് എന്നിവ കർഷകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണുള്ളത്. അതിനാൽ താങ്ങുവില 30 രൂപയാക്കി വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.