ദുരിതങ്ങൾക്കിടയിൽ അൽപം ആശ്വാസം; സീനത്തിന് മുൻഗണന കാർഡ്
text_fieldsപാലക്കാട്: ഭിന്നശേഷിക്കാരനായ മകനെയും കൊണ്ട് ദുരിതങ്ങളുടെ നടുവിൽ ജീവിതം തള്ളിനീക്കുന്ന സീനത്തിന് അൽപം ആശ്വാസമായി മുൻഗണന റേഷൻ കാർഡ് ലഭ്യമായി.
വർഷങ്ങളായി മുൻഗണനേതര വിഭാഗത്തിലെ നീലകാർഡുമായി കഴിഞ്ഞിരുന്ന ചടനാംകുറിശ്ശി ശ്രീനഗർ നഗറിലെ സീനത്തിന് മുൻഗണന വിഭാഗത്തിൽപെട്ട പിങ്ക് കാർഡാണ് ലഭ്യമാക്കിയത്. തിങ്കളാഴ്ചയോടെ നടപടിക്രമങ്ങൾ ഓൺലൈനായി പൂർത്തിയാക്കി. അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽനിന്നും കാർഡ് ഡൗൺലോഡ് ചെയ്യാം. ഒറ്റമുറി ഷെഡിൽ കഴിയുന്ന സീനത്തും മക്കളും മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ അർഹമായ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ജന്മനാ ഭിന്നശേഷിയുള്ള മൂത്തമകൻ ഷാജിർ അലിയേയും (27) കൊണ്ട് ചികിത്സക്ക് പോകുമ്പോഴും നീലകാർഡ് തടസ്സമായി. ഇതുമൂലം സർക്കാർ ആശുപത്രികളിലുൾപ്പെടെ ചികിത്സാ ആനുകൂല്യം ലഭിച്ചിരുന്നില്ല.
ഒറ്റമുറി ഷെഡിന് മുന്നിലിട്ട ചെറിയ പെട്ടിക്കടയിൽനിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് സീനത്ത് മകന്റെ ചികിത്സയും ജീവിത ചെലവുകളും നോക്കിയിരുന്നത്. പിങ്ക് കാർഡ് ലഭിച്ചതോടെ റേഷൻ ആനുകൂല്യങ്ങളും ചികിത്സസഹായങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സീനത്ത്. ഭർത്താവ് കരൾരോഗംമൂലം ഏഴ് വർഷം മുമ്പാണ് മരിച്ചത്. ശേഷം രണ്ട് മക്കളുമായി ദുരിതത്തിലാണ് സീനത്ത് കഴിഞ്ഞിരുന്നത്.
സീനത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് നേരത്തെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് സാമൂഹികനീതി വകുപ്പ് ജില്ല ഓഫിസർ സമീർ മച്ചിങ്ങൽ ഇടപെടുകയും ജില്ല സപ്ലൈ ഓഫിസർ എ.എസ്. ബീന സീനത്തിന്റെ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുകയുമായിരുന്നു. കാർഡ് ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും മക്കളുമായി കഴിയാൻ അടച്ചുറപ്പുള്ള വീടാണ് ഇനി സ്വപ്നമെന്നും സീനത്ത് പറഞ്ഞു. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സീനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.