സ്വകാര്യ ബസുകൾ പെർമിറ്റ് വഴി ഒഴിവാക്കി സർവിസ് നടത്തുന്നു
text_fieldsപുതുനഗരം: കൊടുവായൂർ വഴിയുള്ള സ്വകാര്യബസുകൾ സർവിസ് നടത്താത്തതിനെതിരെ നാട്ടുകാർ രംഗത്ത്. കൊല്ലങ്കോട് നിന്നും പുതുനഗരം, കൊടുവായൂർ വഴി പാലക്കാട്ടിലേക്ക് സർവിസ് നടത്തുന്ന നാല് ബസുകളാണ് പുതുനഗരത്തിൽനിന്നും പെർമിറ്റ് ഉണ്ടായിട്ടും പെരുവെമ്പ് വഴി അനധികൃതമായി സർവിസ് നടത്തുന്നത്.
വിദ്യാർഥികൾ കൂടുതലെന്നും യാത്രക്കാർ കുറവാണെന്നുമുള്ള കാരണം പറഞ്ഞാണ് സ്വകാര്യബസുകൾ നട്ടുകാരെ ദുരിതത്തിലാക്കുന്നത്.
ഇതുമൂലം നൂറുകണക്കിന് വിദ്യാർഥികളും തൊഴിലാളികളും രാവിലെ സമയങ്ങളിൽ പുതുനഗരത്തിൽനിന്നും കൊടുവായൂരിലേക്ക് പോകേണ്ട അവസ്ഥയുണ്ട്.
നെല്ലിമേട്, പാലം ബസാർ, പിലാത്തൂർ മേട്, ന്യൂ തിയേറ്റർ ജങ്ഷൻ, കിഴക്കേത്തല, പള്ളിപ്പടി എന്നീ സ്റ്റോപ്പുകൾ ഉള്ള നിരവധി വിദ്യാർഥികൾക്കും നാട്ടുകാർക്കും ഗുണകരമായിരുന്ന ബസ് സർവിസുകളാണ് പുതുനഗരത്തുനിന്നും പെരുവമ്പ് വഴി തുടരുന്നത് മൂലം ഇല്ലാതായത്.
ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് നിരവധി പരാതികൾ നാട്ടുകാർ നൽകിയെങ്കിലും സ്വകാര്യ ബസ് ഉടമകളുടെ സമർദത്തിൽ വഴങ്ങി നടപടി ഫയലിൽ മാത്രമായി.
കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട പരാതിയിൽ മോട്ടോർ വാഹനവകുപ്പ് ഓഫിസിൽ പരാതിക്കാരനുമായുള്ള ഹിയറിങ് നടന്നു.
തുടർന്ന് രണ്ടുദിവസത്തിനകം പെർമിറ്റുള്ള റൂട്ടിലൂടെ ബസുകൾ സർവിസ് നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് പരാതിക്കാരന് ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. സർവിസ് നടത്താത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കി കെ.എസ്.ആർ.ടി.സി സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യവും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.