കാട്ടാനകൾക്ക് നേരെ പ്രകോപനം; സന്ദർശകരെ തടയാതെ വനപാലകർ
text_fieldsനെല്ലിയാമ്പതി: കൈകാട്ടി ഭാഗത്തെ സ്ഥിരം കാഴ്ചയാണ് പിടിയാനയും രണ്ടു വയസ്സുള്ള കുട്ടിക്കൊമ്പനും. നെല്ലിയാമ്പതി റോഡരികിൽ മേഞ്ഞു നടക്കുന്ന ഈ കാട്ടാനകൾ റോഡിലൂടെ പോകുന്ന വാഹനങ്ങളെയോ യാത്രക്കാരെയോ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസം വാഹനത്തിൽ നെല്ലിയാമ്പതി കാണാനെത്തിയ ഒരു സംഘം പിടിയാനയെയും കുട്ടിക്കൊമ്പനെയും പ്രകോപിപ്പിക്കും വിധം വാഹനം കാട്ടാനകൾക്കരികെ നിർത്തി മൊബൈലിൽ ചിത്രം പകർത്തുകയും കൂകി വിളിച്ച് ആനകൾക്ക് നേരെ മരക്കൊമ്പുകൾ വലിച്ചെറിയുകയും ചെയ്തു.
തുടർന്ന് പ്രകോപിതരായ കാട്ടാനകൾ സന്ദർശകരുടെ നേർക്ക് വരികയും ചെയ്തു. ഇതുകണ്ട നെല്ലിയാമ്പതിക്കാരായ നാട്ടുകാർ സന്ദർശകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. വിവരം പോത്തുണ്ടി ചെക്ക്പോസ്റ്റ് വനം അധികൃതരെയും അറിയിച്ചു. എന്നാൽ, വനപാലകർ സന്ദർശകരോട് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ തുനിഞ്ഞില്ല. സന്ദർശകർ മദ്യലഹരിയിൽ കാട്ടാനകൾക്ക് നേരെ പ്രകോപനം തുടരുകയും ചെയ്തു.
പൊതുവേ ശാന്തസ്വഭാവക്കാരായ കാട്ടാനകളെ പ്രകോപിപ്പിച്ചാൽ തങ്ങളെ ആക്രമിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സന്ദർശകരുടെ ഇത്തരം ചെയ്തികളെ വനപാലകർ തടയണമെന്നും ഇവർ ആവശ്യപ്പെടുന്നു. അടുത്ത ദിവസങ്ങളിലായി കൈകാട്ടി റോഡിലും തൊട്ടടുത്തുള്ള ചെക്ക് ഡാമിലും പിടിയാനയും കുട്ടിക്കൊമ്പനും ചുറ്റിത്തിരിയുന്നുണ്ടെന്നും നാട്ടുകാരെ ഒന്നും ഉപദ്രവിക്കുന്നില്ലെന്നും സ്ഥലവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.