പി.ടി -7 കൂട്ടിൽ, ഭീതി വിതച്ച് പി.ടി-14 നാട്ടിൽ
text_fieldsപാലക്കാട്: ധോണിയിൽ ധോണിയെന്ന പി.ടി -7 കുങ്കി പരിശീലനം പൂർത്തിയാക്കുന്നതിനിടെ നാടുവിറപ്പിച്ച് പാലക്കാട് ടസ്കര്‍ 14 (പി.ടി-14). കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലമ്പുഴ ഡാം പരിസരത്തും ജനവാസമേഖലയിലും ഭീതിവിതച്ച് വിലസുകയാണ് പി.ടി-14. ഒറ്റക്ക് കാടിറങ്ങിയിരുന്ന പി.ടി-14നൊപ്പം കഴിഞ്ഞ ദിവസം ഒമ്പത് ആനകളുടെ കൂട്ടം കൂടെ ചേർന്നതോടെ നാട് ഭീതിയിലാണ്. കഴിഞ്ഞ ദിവസം അയ്യപ്പന് മലയിലേക്ക് തുരത്തിയിരുന്ന ആനക്കൂട്ടം വ്യാഴാഴ്ച തിരിച്ചെത്തുകയായിരുന്നു.
ജനവാസമേഖലയിൽ ഭീതിപടർന്നതോടെ വനംവകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ ആനകളെ തുരത്താന്‍ വെള്ളിയാഴ്ച വൈകിയും ശ്രമം തുടരുകയാണ്. കരടിയോട് പ്രദേശത്തും കവ മേഖലയിലും ആനക്കൂട്ടം സ്ഥിരമായി എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആനയുടെ ആക്രമണം കൂടിയായതോടെ പ്രദേശത്തുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കാട്ടാനയെ തുരത്തണമെന്നാവശ്യപ്പെട്ട് ഡി.എഫ്.ഒയെ കാണുകയും ചെയതിരുന്നു. വാളയാര്‍ റെയ്ഞ്ച് ഓഫിസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തില്‍ ആര്.ആര്.ടി ഒലവക്കോടും മലമ്പുഴ എലിഫന്റ് സ്കോഡും അകത്തേത്തറ സെക്ഷന്‍ ഫോറസ്റ്റില്‍ നിന്നുമുള്ള 20 അംഗ സംഘവുമാണ് ആനകളെ തുരത്താന്‍ പ്രദേശത്തുള്ളത്.
കഴിഞ്ഞദിവസം കരടിയോട് സ്വദേശിയായ മത്സ്യത്തൊഴിലാളിയെ ആന ആക്രമിച്ചിരുന്നു. മീന്‍പിടിച്ച് മടങ്ങുകയായിരുന്ന പ്രദേശവാസിയായ ജോണിയെയാണ് ആന ആക്രമിച്ചത്. കാട്ടാന പാഞ്ഞടുക്കുന്നതിനിടെ വീണ ജോണിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഡാം പരിസരത്തുള്ള കുടുംബങ്ങള്‍ ഇപ്പോള്‍ ഭീതിയോടെയാണ് കഴിയുന്നത്. ജനവാസമേഖലയിൽ പി.ടി-14 ഭീഷണിയുയർത്തുന്നതായി പരാതിയുണ്ട്. പി.ടി -14 ഡാം പരിസത്തെ മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നുണ്ടെന്നും നിത്യശല്യമായിട്ടുണ്ടെന്നും ആളുകൾ പറയുന്നു. ഇതെ തുടർന്നാണ് പി.ടി-14 അടക്കമുള്ള ആനക്കൂട്ടത്തെ തുരത്താനുള്ള നടപടി വനംവകുപ്പ് ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.