പി.ടി-7ന്റെ കാഴ്ച വീണ്ടെടുക്കാൻ ചികിത്സ തുടങ്ങി
text_fieldsപാലക്കാട്: വനംവകുപ്പ് പിടികൂടി സംരക്ഷിക്കുന്ന കാട്ടാന പി.ടി ഏഴിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ തുടങ്ങി. ഡോ. അരുണ്‍ സക്കറിയ, ഡോ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ചികിത്സ തുടങ്ങിയത്. ശ്രമകരമായ ദൗത്യമാണെങ്കിലും വിദഗ്ധ ചികിത്സയിലൂടെ കൊമ്പന്റെ കാഴ്ചശക്തി വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരുടെ സംഘം.
സെപ്റ്റംബർ ഏഴിനാണ് പ്രത്യേകം തയാറാക്കിയ കൂട്ടിലായിരുന്ന പി.ടി ഏഴിനെ വ്യായാമത്തിനും വിദഗ്ധ ചികിത്സക്കുമായി പുറത്തിറക്കിയത്. ഭാഗികമായി നഷ്ടമായ കൊമ്പന്റെ കാഴ്ചശക്തി ചികിത്സയിലൂടെ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. അരുണ്‍ സഖരിയ മാധ്യമത്തോട് പറഞ്ഞു. ഭക്ഷണത്തിലൂടെ മരുന്ന് നൽകിയുള്ള ചികിത്സയോടൊപ്പം കൃത്യമായ ഇടവേളകളിൽ തുള്ളി മരുന്നും നൽകുന്നുണ്ട്.
കൂട്ടില്‍നിന്ന് പുറത്തിറക്കിയ കൊമ്പൻ ശാന്തനായാണ് ഡോക്ടർമാരടക്കമുള്ളവരോട് സഹകരിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ആനയെ അർധവന സ്വഭാവമുള്ള ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നത് തുടരാനാണ് ഹൈകോടതി നിർദേശമുള്ളത്. ഇതനുസരിച്ചാണ് ധോണിയിൽ ആനയെ പരിപാലിക്കുന്നത്. ദീർഘദുരം പതിവായി നടന്നിരുന്ന ആനക്ക് വ്യായാമക്കുറവ് മൂലം കാലിൽ നീരടക്കം വെല്ലുവിളിയായിരുന്നെങ്കിലും ചികിത്സയിലൂടെ ഭേദമാക്കാനായി. തുടർന്ന് ഇതുകൂടെ പരിഗണിച്ചാണ് ആനയെ കൂടിന് പുറത്തെത്തിച്ചത്. വരുംദിവസങ്ങൾ ആനയെ നടത്തി വ്യായാമം നൽകുന്നതടക്കം അധികൃതർ പരിഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.