ജില്ലയിൽ പൊതുജനാരോഗ്യ സമിതി പ്രവർത്തനം തുടങ്ങി
text_fieldsപാലക്കാട്: പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പരാതികളില്‍ രേഖാമൂലം നിർദേശം നല്‍കിയിട്ടും പാലിക്കാത്ത സന്ദര്‍ഭങ്ങളില്‍ പിഴ ഈടാക്കാന്‍ ജില്ല പൊതുജനാരോഗ്യസമിതി തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യത്തിന് ഏകാരോഗ്യം എന്ന സമീപനം സ്വീകരിച്ച് വിവിധ വകുപ്പുകളെ കുറിച്ച് ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ഗീതു മരിയ ജോസഫ് വിശദീകരിച്ചു.
ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. റോഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് പി. ബൈജുകുമാര്‍, ജില്ല വെക്ടര്ബോണ് ഡിസീസ് കണ്ട്രോള് ഓഫിസര്‍ കെ.ആര്. ദാമോദരന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി. രാമന്‍കുട്ടി, എപ്പിഡമിയോളജിസ്റ്റ് ഡോ. പി.എച്ച്. അഞ്ജിത തുടങ്ങിയവര്‍ പങ്കെടുത്തു.
സമിതി
കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം രൂപവുത്കകരിച്ച സമിതിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കലക്ടര്‍ ഉപാധ്യക്ഷനും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) മെമ്പേഴ്സ് സെക്രട്ടറിയുമാകും. പാലക്കാട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഭാരതീയ ചികിത്സ), ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോപ്പതി), തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമീഷണര്‍, പ്രിന്‍സിപ്പള്‍ കൃഷി ഓഫിസര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍, ക്ഷീര വികസന വകുപ്പ് ജില്ല ഓഫിസര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.
സമിതിയുടെ പ്രവർത്തനം
ജില്ല പൊതുജനാരോഗ്യസമിതി മൂന്നു മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏത് പ്രശ്നത്തിലും ജനങ്ങള്‍ക്ക് സമിതി മുമ്പാകെ പരാതി നല്‍കാം.
പരാതികള്‍ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാര്‍ പരിശോധിച്ച് നടപടി എടുക്കും.
ശിക്ഷ
2000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമം നിഷ്ക്കര്‍ഷിക്കുന്നുണ്ട്. പിഴ അടച്ചശേഷം കുറ്റം ആവര്‍ത്തിക്കുകയും നിശ്ചിത കാലയളവിനുള്ളില്‍ പിഴ അടക്കാതിരിക്കുകയും ചെയ്താല്‍ കോടതി മുമ്പാകെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും.
കുറ്റങ്ങൾ
- മൂഷിക വര്ഗത്തിനെയും നായ്ക്കളെയും മറ്റു മൃഗങ്ങളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ പരിസരത്ത് മാലിന്യം തള്ളുക
- കാടും മറ്റും വളരുവാന്‍ അനുവദിക്കുക
- വളര്‍ത്തുനായ്ക്കള്‍ക്കും വളര്‍ത്തുപൂച്ചകള്‍ക്കും പേവിഷബാധയ്ക്കെതിരെ കൃത്യമായി വാക്സിനേഷന് ചെയ്യാതിരിക്കുക
- വീടിന്റെയും സ്ഥാപനത്തിന്റെയും ഉള്ളിലോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, പ്രജനനത്തെ കാരണമാകുന്ന തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുക
- തോട്ടങ്ങളിലെ ചിരട്ടകള്‍, പാളകള്‍ തുടങ്ങിയവയില്‍ കൊതുക് വളരുന്ന സാഹചര്യം
- മതിയായ ശുചിത്വം, ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജന സംവിധാനം, സുരക്ഷിത കുടിവെള്ളം, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാതെ ഹോസ്റ്റല്‍-പേയിങ്ങ് ഗസ്റ്റ് സൗകര്യങ്ങള്‍-മറ്റു പൊതുതാമസ ഇടങ്ങള്‍ എന്നിവ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.