86ന്റെ നിറവിലും തിരുക്കുറളിന് മൊഴിമാറ്റവുമായി രാധ അച്യുതൻ
text_fieldsരാധ അച്യുതൻ
പാലക്കാട്: സംഘകാല കൃതിയായ തിരുക്കുറളിന് മൊഴിമാറ്റവുമായി 86ന്റെ നിറവിലും ഒരമ്മ. പാലക്കാട് മുട്ടിക്കുളങ്ങര സുന്ദർവില്ലയിൽ എ.പി. രാധ അച്യുതനാണ് ഒരിടവേളക്കുശേഷം തന്റെ വേറിട്ട ഗ്രന്ഥം പ്രകാശനം നടത്താൻ തയാറെടുക്കുന്നത്. ദേശസഞ്ചാരം നടത്തിയിരുന്ന രാധ തന്റെ യാത്രകൾ ലഘുഭാഷയിൽ വിവരിച്ച് പുസ്തക രൂപേണ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് കാലം ഏകാകിയാക്കിയപ്പോൾ അതിൽ നിന്നുള്ള മോചനം അന്വേഷിക്കവേയാണ് തിരുവള്ളുവരുടെ തിരുക്കുറൾ മലയാളത്തിലേക്ക് പകർത്താം എന്ന ആശയം ഉദിച്ചത്.
മണ്ണാർക്കാട് എളമ്പുലാശേരി സ്വദേശിയായിരുന്ന എ.പി. രാധ അഞ്ചാം ക്ലാസ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. തുടർന്ന് പിതാവ് കെ.എച്ച്. മണി അയ്യർ ബിസിനസ് ആവശ്യത്തിനായി തമിഴ്നാട് തിരുമംഗലത്തേക്ക് കുടുംബത്തെ പറിച്ചുനട്ടു. ആറാം ക്ലാസ് മുതൽ അവിടെ സർക്കാർ ബോർഡ് സ്കൂളിൽ തമിഴ് ഭാഷയിലായിരുന്നു രാധയുടെ പഠനം. വിവാഹ ശേഷം മധുരയിലായി താമസം. പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ മധുര റിപ്പോർട്ടറായിരുന്ന പട്ടാമ്പി തിരുമിറ്റക്കോടുള്ള അച്യുതനായിരുന്നു ഭർത്താവ്. യാത്രകൾ ഇഷ്ടമായിരുന്ന രാധ രാജ്യത്തും വിദേശത്തും ധാരാളം യാത്രകൾ നടത്തി.
സൗദിയിൽ ബിസിനസുകാരനായ മകൻ അച്യുതൻ സുന്ദരേശ്വൻ അമ്മയുടെ യാത്രകൾക്ക് ഉറച്ചപിന്തുണയും നൽകി. അറത്തുപ്പാൽ (ധർമമാർഗം), പൊരുട്പ്പാൽ (അർത്ഥമാർഗം), കാമത്തുപ്പാൽ (കാമമാർഗം) എന്നീ മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരുവള്ളുവർ തിരുക്കുറളിനെ ഒരുക്കിയിരിക്കുന്നത്. മൂന്നുഭാഗത്തിനും തുല്യപ്രാധാന്യം നൽകി സാധാരണക്കാരന് മനസ്സിലാവുന്ന വിധത്തിലാണ് മൊഴിമാറ്റം. പുസ്തകപ്രകാശനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ജില്ല ലൈബ്രറി ഹാളിൽ മധുര ത്യാഗരാജ കോളജ് പ്രഫസർ ഡോ. ജി. ജ്ഞാനസംബന്ധൻ നിർവഹിക്കും. എഴുത്തുകാരൻ ടി.കെ. ശങ്കരനാരായണൻ ഏറ്റുവാങ്ങും. പി.വി. സുകുമാരൻ പുസ്തക പരിചയം നടത്തും. ആഷാ മേനോൻ, ടി.ആർ. അജയൻ, ഡോ. പി. മുരളി തുടങ്ങിയവർ സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.