അനധികൃത ക്വാറിയിൽ റെയ്ഡ്; വ്യാപക പാറ പൊട്ടിക്കൽ കണ്ടെത്തി
text_fieldsഗോവിന്ദാപുരം: നീളപ്പാറക്കടുത്ത് അനധികൃത ക്വാറിയിൽ വിജിലൻസ്, ജിയോളജി പരിശോധന. അനുവാദമില്ലാതെ വ്യാപകമായ പാറ പൊട്ടിക്കൽ കണ്ടെത്തി. ഗോവിന്ദാപുരം-ചെമ്മണാമ്പതി റോഡിൽ നീലിപ്പാറക്കടുത്ത ഊർക്കുളം കാട്ടിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പാറ പൊട്ടിക്കൽ കണ്ടെത്തിയത്.
മൂന്ന് സ്ഥലങ്ങളിലായി ഒരേ വ്യക്തിയാണ് ഒരു കിലോമീറ്റർ പരിധിയിലെ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തോളമായി പാറ പൊട്ടിച്ചതായി കണ്ടെത്തിയത്. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിൽ 24 ലക്ഷത്തിലധികം രൂപ പിഴയീടാക്കാവുന്ന ഗുരുതര ക്രമക്കേടാണ് വിജിലൻസ്, ജിയോളജി പരിശോധനയിൽ കണ്ടെത്തിയത്.
വിജിലൻസ് എസ്.ഐ സുരേന്ദ്രൻ, പാലക്കാട് ജിയോളജിസ്റ്റ് എം.വി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പരിസ്ഥിതി ദുർബല പ്രദേശമായ മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിൽ ഖനനം നിരോധിച്ചതായും ഒരു ക്വാറിയും പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും ജിയോളജിസ്റ്റ് എം.വി. വിനോദ് പറഞ്ഞു. ക്രഷറുകൾക്ക് മറ്റു പ്രദേശങ്ങളിൽ നിന്നും പാറക്കല്ലുകൾ കൊണ്ടുവന്ന് എം സാൻറ് ഉൾപ്പെടെയുള്ളവ നിർമിക്കാനാണ് അനുവാദം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയിൽ അസി. ജിയോളജിസ്റ്റ് ടി. സുഭാഷ്, റവന്യൂ ഇൻസ്പെക്ടർ കെ. സജീബാബു, മുതലമട ഒന്ന് വില്ലേജ് ഓഫിസർ കെ. ദേവദാസ്, സ്പെഷൽ വില്ലേജ് ഓഫിസർ സി. ദേവദാസൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.