റെയിൽവേ ഗേറ്റടച്ചു; ദുരിതംപേറി വിദ്യാർഥികൾ
text_fieldsഊട്ടറ റെയിൽവേ ഗേറ്റ് ട്രാക്ക് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടപ്പോൾ
വടവന്നൂർ: റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിനെതിരെ നാട്ടുകാർ ഒപ്പുശേഖരണം നടത്തിയിട്ടും പ്രയോജനമായില്ല. ഇതോടെ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ ദുരിതത്തിലായി. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ യാര്‍ഡ് അറ്റകുറ്റപ്പണികൾ നടത്താനായി ബുധനാഴ്ച വൈകീട്ട് ആറുമുതൽ വെള്ളിയാഴ്ച രാവിലെ ആറുവരെ ഊട്ടറ ഗേറ്റ് അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ഊട്ടറ ഗേറ്റ് അടച്ചു. പരീക്ഷകൾ നടക്കുന്നതിനാൽ 32 മണിക്കൂറിലധികം തുടർച്ചയായി കൊല്ലങ്കോട്-പാലക്കാട് പ്രധാന റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ദുരിതമാകുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ഒപ്പുശേഖരണം നടത്തി റെയിൽവേക്ക് നൽകിയിരുന്നു. എന്നാൽ, വിഷയം പരിഗണനക്ക് പോലും എടുക്കാത്ത റെയിൽവേയുടെ നടപടി യു.പി, ഹൈസ്കൂ ൾ വിദ്യാർഥികൾക്ക് ദുരിതമായി.
ഊട്ടറ ഗേറ്റ് അടച്ചതിനെ തുടർന്ന് കാരപ്പറമ്പ് റോഡിലുണ്ടായ ഗതാഗതക്കുരുക്ക്
പുതുനഗരം ഭാഗത്തുനിന്ന് കൊല്ലങ്കോട് ഭാഗത്ത് പോകുന്ന വിദ്യാർഥികളും കൊല്ലങ്കോട് ഭാഗത്തുനിന്ന് കൊടുവായൂർ, ചിറ്റൂർ, പുതുനഗരം പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർഥികളുമായി ദുരിതത്തിലായത്.
പുതുനഗരം-കൊല്ലങ്കോട് റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ കരിപോട് - പല്ലശ്ശന-കൊല്ലങ്കോട് റോഡ് അല്ലെങ്കില്‍ വടവന്നൂര്‍-ഗൗണ്ടന്‍ തറ-കൊല്ലങ്കോട് റോഡ് വഴിയാണ് പോകേണ്ടത്. ഇടുങ്ങിയ റേഡും തകർച്ചയും കാരണം ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായിരുന്നു.
പരീക്ഷകൾ കഴിഞ്ഞ ശേഷം ഗേറ്റ് യാർഡ് അറ്റകുറ്റപ്പണി നടത്തിയാൽ സഹായമാകുമെന്ന നാട്ടുകാരുടെ ആവശ്യം റെയിൽവേ തള്ളുകയായിരുന്നു. ഗതാഗതം തിരിച്ചുവിട്ട വഴികൾ ഇടുങ്ങിയതും ഇതിലൂടെ കൊയ്ത്തുയന്ത്രം, ലോറി, ബസ് എന്നിവ കടന്നുപോയതും നീണ്ട ഗതാഗതക്കുരുക്കിനാണ് വഴിവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.