ഉപകാരപ്രദമായ സർവിസുകൾ അസമയത്ത്; പാലക്കാട്-പൊള്ളാച്ചി പാതയിൽ കൂകിപ്പായുന്നത് അവഗണന
text_fieldsപുതുനഗരം: പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന് യാത്രക്കാർ. പാലക്കാട്-തിരുച്ചെന്തൂർ ട്രെയിൻ 15 മിനിറ്റ് നേരത്തേയാക്കിയെങ്കിലും ഉപകാരപ്രദമായ സർവിസുകൾ അസമയത്താണെന്നാണ് പരാതി. നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാതെയും അധികൃതർ അനാസ്ഥ തുടരുകയാണെന്നും ആക്ഷേപമുയരുന്നു. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഉപകാരപ്രദമായ സർവിസുകൾ നടത്താത്തത് പൊള്ളാച്ചി ലൈനിനോടുള്ള അവഗണനയാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
ആലത്തൂർ ലോക്സഭ മണ്ഡലം, പാലക്കാട്, നെന്മാറ, ചിറ്റൂർ നിയമസഭ മണ്ഡലം എന്നിവയിൽ ഉൾപ്പെട്ട പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട്, മുതലമട, മീനാക്ഷി പുരം എന്നീ സ്റ്റേഷനുകളെ അവഗണിച്ച് ചെന്നൈ എക്സ്പ്രസ് സർവിസ് നടത്തുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നില്ല. ചെന്നൈ-പാലക്കാട് എക്സ്പ്രസിന് അഞ്ച് സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാതെയാണ് സർവിസ് നടത്തുന്നത്. തമിഴ്നാട്ടിലെ ചെറിയ സ്റ്റേഷനുകളിൽ ചെന്നൈ-പാലക്കാട് പഴനി എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ച റെയിൽവേ കൊല്ലങ്കോടിനെ അവഗണിക്കുകയാണ്. സർവിസുകൾ തോന്നിയ പോലെ ആയതിനാൽ സീസൺ ടിക്കറ്റ് യാത്രക്കാർ ഇല്ലാത്ത റൂട്ടായി പാലക്കാട്-പൊള്ളാച്ചി റൂട്ടുമാറി. പാലക്കാട്-കോഴിക്കോട്, പാലക്കാട്-എറണാകുളം റൂട്ടുകളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന ഉദ്യോഗസ്ഥർ പാലക്കാട് ഡിവിഷനിൽതന്നെ ഉൾപ്പെട്ട പാലക്കാട്-പൊള്ളാച്ചി റൂട്ടിനെ അവഗണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.
പൊള്ളാച്ചി-തിരുച്ചെന്തൂർ എക്സ്പ്രസ് ട്രെയിനായി സർവിസ് ആരംഭിക്കുന്നതിനുള്ള ടൈം ടേബിൾ പുറത്തിറക്കിയ റെയിൽവേ പാലക്കാട്-പൊള്ളാച്ചി റൂട്ടിനെ പൂർണമായും അവഗണിച്ചതായും ആരോപണങ്ങൾ ശക്തമാണ്. പാലക്കാട്ടുനിന്ന് തിരുച്ചെന്തൂർ സർവിസാണ് നിലവിൽ സാധാരണ യാത്രക്കാർക്ക് ഗുണകരമായിട്ടുള്ളത്. 12 ബോഗികൾ മാത്രമുള്ള പാസഞ്ചർ ട്രെയിനിന് ആറ് ബോഗികൾ കൂടുതലാക്കി ഉയർത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പാലക്കാട്-പുനലൂർ-ചെങ്കോട്ട റൂട്ടിൽ ഓടുന്ന പാലരുവിയും പാലക്കാട്-എറണാകുളം മെമുവും പൊള്ളാച്ചിയിൽനിന്ന് ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.