പിറ്റ് ലൈൻ പൂർത്തിയാക്കുന്നതിനൊപ്പം പാത ഇരട്ടിപ്പിക്കലും അനിവാര്യം
text_fieldsപാലക്കാട്: ടൗൺ റെയിൽവേ സ്റ്റേഷനോട് ചേർന്ന് നിർമിക്കുന്ന പിറ്റ് ലൈനിന്റെ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനൊപ്പം പാത ഇരട്ടിപ്പിക്കലും വേണമെന്നാവശ്യം ശക്തമാകുന്നു. നിലവിൽ ഒലവക്കോടുള്ള പാലക്കാട് ജങ്ഷനും-പിറ്റ് ലൈൻ നിർമിക്കുന്ന ടൗൺ സ്റ്റേഷനിനും ഇടയിൽ ഒറ്റവരിപ്പാതയാണ്.
പിറ്റ് ലൈൻ പൂർത്തിയാകുന്നതോടെ ജങ്ഷനിൽനിന്ന് നിരവധി വണ്ടികൾ ടൗൺ സ്റ്റേഷനിലെ പിറ്റ് ലൈൻ കേന്ദ്രത്തിലേക്ക് എത്തും. ഇതോടെ ഒറ്റവരിപ്പാതയിൽ തിരക്ക് വർധിക്കും. ഇത് പാലക്കാട് ജങ്ഷനിലെ ട്രെയിൻ ഗതാഗതത്തെയും ഒലവക്കോട്-പാലക്കാട് റൂട്ടിലെ റോഡ് ഗതാതത്തെ സാരമായി ബാധിക്കും. പാലക്കാട് ജങ്ഷനും-ടൗൺ സ്റ്റേഷിനുമിടയിൽ മൂന്ന് റെയിൽവേ ഗേറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ കാവിൽപ്പാട് ഗേറ്റ് സ്ഥിരമായി അടക്കുകയും ശംഖുവാരതോടിന് സമീപത്തെ ഗേറ്റിൽ അടിപ്പാത നിർമിക്കുകയും ചെയ്തു.
ചുണ്ണാമ്പുത്തറയിലെ ഗേറ്റ് ഒരുതവണ അടക്കുമ്പോഴെക്കും ഒലവക്കോട് വരെയും ചുണ്ണാമ്പുത്തറ ജങ്ഷൻ വരെയും വാഹനങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടാവും. മാത്രമല്ല രണ്ടു ദേശീയപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചന്ദ്രനഗർ-ഒലവക്കോട് ബൈപാസിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ നഗരത്തിലേക്കുള്ള വാഹനങ്ങളെ ചുണ്ണാമ്പുത്തറ വഴിയാണ് കടത്തിവിടാറ്. പിറ്റ് ലൈൻ പൂർത്തിയായി നിലവിലുള്ള ഒറ്റവരിപ്പാതയിലൂടെ മാത്രം വണ്ടികൾ പോക്കുവരവ് നടത്തിയാൽ ചുണ്ണാമ്പുത്തറയിലെ റെയിൽവേ ഗേറ്റ് ഒരു ദിവസത്തിൽ മണിക്കൂറോളം അടച്ചടേണ്ടിവരും. ഈ ഭാഗത്ത് അടിപ്പാത നിർമിക്കണമെങ്കിൽ സമീപത്ത് പുഴയും പാലവും ഉള്ളതിനാൽ സാങ്കേതിക പ്രശ്നവും കൂടതലാണ്. നിലവിൽ മംഗളൂരു, ഷൊർണൂർ എന്നിവടങ്ങളിലാണ് പാലക്കാട് ഡിവിഷിന് പരിധിയിൽ പിറ്റ് ലൈൻ സംവിധാനമുള്ളത്. മംഗളൂരുവിലുള്ള മൂന്ന് പിറ്റ് ലൈനിൽ 10 എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ട്.
ഷൊർണൂർ ജങ്ഷനിലെ 12 കോച്ചുകളുടെ പിറ്റ് ലൈനാണുള്ളത്. സ്ഥലമില്ലാത്തതിനാൽ അതു വികസിപ്പിക്കാൻ കഴയില്ലെന്നാണ് റെയിൽവേ പറയുന്നത്. മംഗളൂരു പാലക്കാട് ഡിവിഷനിൽനിന്ന് ഒഴിവാക്കാൻ നീക്കങ്ങൾ ശക്തമാണ്. പാലക്കാട് ഡിവിഷിന് മംഗളൂരു നഷ്ടപ്പെട്ടാൽ പിന്നെ പാലക്കാട് ടൗണിലെ പിറ്റ് ലൈൻ മാത്രമാണ് എക്സ്പ്രസ് ട്രെയിനുകൾക്ക് ഏക ആശ്രയം.
ഷൊർണൂർ, തൃശൂർ ഭാഗത്തുനിന്നും പാലക്കാട് പിറ്റ് ലൈനിലേക്ക് എത്തണമെങ്കിൽ പാലക്കാട് ജങ്ഷനിൽ എൻജിൻ ദിശ മാറ്റണം. ഇത് ഒഴിവാക്കാൻ ബൈപാസ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബൈപാസ് യാഥാർഥ്യമായാൽ ദിണ്ടിക്കൽ, പൊള്ളാച്ചി ഭാഗത്തുനിന്നും കാസർകോട്, എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷൻ ഒഴിവാക്കൻ പറ്റും. ഇത് ഏറെ സമയനഷ്ടം ഒഴിവാക്കാനും റെയിൽവേ സാമ്പത്തിക ലാഭം ഉണ്ടാക്കാനും കഴിയും. ടൗൺ റെയിൽവേ സ്റ്റേഷന്റെ ഏട്ട് ഏക്കറോളം സ്ഥലത്താണ് പിറ്റ് ലൈനും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്നത്.
റെയിൽ ഡിവിഷൻ ആസ്ഥാനമായ പാലക്കാട് പിറ്റ് ലൈൻ ഇല്ലാതിരുന്നത് ഇതുവരെ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കുന്നതിന് തടസ്സമായിരുന്നു. ഇതുകാരണം പാലക്കാട് റെയിൽവേ ഡിവിഷനിൽ ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചത് മംഗളൂരുവിൽ നിന്നാണ്. ഒരു പിറ്റ് ലൈൻ, ട്രെയിൻ നിർത്തിയിടാനുള്ള രണ്ടു സ്റ്റേബിളിങ് ലൈൻ, കോച്ച് അറ്റകുറ്റപ്പണിക്കുള്ള സിക് ലൈൻ, സിഗ്നൽ, സബ് സ്റ്റേഷൻ ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.