മഴ: ഏക്കർകണക്കിന് നെൽകൃഷി വെള്ളത്തിൽ
text_fieldsമണ്ണൂർ: ശക്തമായ മഴയിൽ വെള്ളം മൂടി ഏക്കർ കണക്കെ നെൽകൃഷി വെള്ളത്തിൽ മുങ്ങി നശിച്ചു. മണ്ണൂർ ഞാറക്കോട് പാടശേഖരത്തിലെ രണ്ടാം വിളയിറക്കിയ 15 ഏക്കറാണ് പൂർണമായും വെള്ളത്തിനടിയിലായത്. ഒരാഴ്ച മുൻപാണ് ഇവർ കൃഷിയിറക്കിയത്. രാസവളവും ഇട്ടു. ചവിറ്റില തോട് കരകവിഞ്ഞൊഴുകിയതാണ് വ്യാപകമായി കൃഷി വെള്ളം മൂടാൻ പ്രധാന കാരണം.
ഒരേക്കർ കൃഷിയിറക്കാൻ 15,000 രൂപ വരെ ചിലവായി. അപ്രതീക്ഷിതമായ മഴ കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കൂടാതെ കൃഷിയിറക്കാൻ പാകമായ ഞാറ്റടികളും നശിച്ചതായി സമിതി സെകട്ടറി എൻ.ആർ. രവീന്ദ്രൻ പറഞ്ഞു. രണ്ടു നാൾക്കകം വെള്ളംവാർന്നില്ലെങ്കിൽ മുഴുവൻ കൃഷിയുംനശിക്കും. കൃഷി നശിച്ച കർഷകർക്ക് സഹായം ലഭ്യമാക്കാൻ നടപടി വേണമെന്നും സമിതി സെക്രട്ടറി രവീന്ദ്രൻആവശ്യപെട്ടു.
120 ഏക്കർ ഞാർ വെള്ളത്തിൽ
പുതുനഗരം: കനത്ത മഴയിൽ 120 ഏക്കർ ഞാർ വെള്ളത്തിനടിയിലായി. പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പകലും ഉണ്ടായ ശക്തമായ മഴയിൽ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായത്. നട്ട് ഒരാഴ്ച പ്രായമായ നെൽച്ചെടികൾ വടവന്നൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ ഒഴുകിപ്പോയി. വിതച്ച 36 ഏക്കർ പാടശേഖരങ്ങ ളിൽ പകുതിയോളം വിത്ത് ഒഴുകിപ്പോയി. 52 മണിക്കൂറിലധികം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നാൽ ഞാർ നശിക്കുമെന്ന് കർഷകർ പറയുന്നു.
നെല്ല് നശിക്കുന്നു
കുഴൽമന്ദം: കുഴൽമന്ദം കൃഷിഭവന്റെ പരിധിയിൽ കർഷകർ നെല്ല് ഉണക്കി സൂക്ഷിച്ചിട്ട് ദിവസങ്ങളായിട്ടും മില്ല് അധികൃതർ വരുന്നില്ലെന്ന് ബ്ലോക്ക് പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം.സി.മുരളീധരൻ പറഞ്ഞു. കനത്ത മഴയിൽ നെല്ല് നശിക്കാൻ തുടങ്ങി.
നെല്ല് ഉണക്കി സൂക്ഷിക്കാൻ സ്ഥലമില്ലാത്തവർ കറ്റക്കളങ്ങളിലും പൊതുസ്ഥലങ്ങളിലുമാണ് സൂക്ഷിച്ചത്. നെല്ല് സംഭരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ജില്ല പാഡി മാർക്കറ്റിങ് ഓഫിസർ എന്നിവർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.