മഴയും കാറ്റും; പാലക്കാട് പരക്കെ നാശനഷ്ടം
text_fieldsപാലക്കാട്: ടൗെട്ട ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച വരെ രണ്ടുദിവസങ്ങളിൽ ജില്ലയിൽ പെയ്തുതോർന്നത് 87.1 മി.മി അധികമഴ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴക്കൊപ്പം ശക്തമായ കാറ്റും എത്തിയതോടെ ജനജീവിതം ദുരിതത്തിലായി. മരക്കൊമ്പുകൾ അടർന്നുവീണും പോസ്റ്റുകൾ ചരിഞ്ഞും വൈദ്യുതി ബന്ധമറ്റതോടെ ഗ്രാമീണമേഖലകൾ ഇരുട്ടിലായി. ജില്ലയിൽ പരക്കെ കൃഷിനാശവും കെട്ടിട നാശവും റിപ്പോർട്ട് ചെയ്തു. ജില്ലയിൽ 47ഒാളം വീടുകൾ രണ്ടുദിവസത്തെ മഴയിൽ ഭാഗികമായോ പൂർണമായോ തകർന്നതായാണ് കണക്കുകൾ.
അട്ടപ്പാടി ചുരത്തിലും ദേശീയപാതയിലും നെല്ലിയാമ്പതിയിലും മരക്കൊമ്പുകൾ അടർന്ന് വീണ് താൽക്കാലികമായ ഗതാഗത തടസ്സമുണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞും മഴ തുടർന്നതോടെ വെള്ളിയാങ്കല്ല് റെഗുലേറ്റർ രണ്ട് ഷട്ടറുകള് തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതോടെ കാഞ്ഞിരപ്പുഴ ഡാമിൽ 25 സെൻറിമീറ്റർ ഉയർത്തിയിരുന്ന റിവർ സ്ലുയിസ് 10 സെൻറിമീറ്റർ കൂടി ഉയർത്തി 35 സെൻറിമീറ്ററാക്കി.
അട്ടപ്പാടിയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി തുടരുന്ന മഴയിൽ നദികളിൽ ജലനിരപ്പുയർന്നു. ഗ്രാമീണ മേഖലയിലെ റോഡുകളിൽ വെള്ളക്കെട്ടിനൊപ്പം മരങ്ങൾ വീണത് ജനനീക്കം സ്തംഭിപ്പിച്ചു. പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അടക്കം ബാധിച്ചിട്ടുണ്ട്. മണ്ണാർക്കാട് കുന്തിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ റോഡ് പുരയിടത്തിലേക്ക് ഇടിഞ്ഞിറങ്ങിയെങ്കിലും വീട്ടുകാർ ഇറങ്ങിയോടിയത് അപകടമൊഴിവാക്കി. പെരിങ്ങോട്ടുകുറുശ്ശിയിൽ നിർമാണത്തിലിരുന്ന സൊസൈറ്റി കെട്ടിടത്തിെൻറ ഭിത്തി മഴയിൽ തകർന്നുവീണു. ഇൗസമയത്ത് തൊഴിലാളികൾ ഒാടിമാറിയത് ദുരന്തമൊഴിവാക്കി. കുണ്ടുവംപാടത്തും പട്ടാമ്പിയിലും മങ്കരയിലും വീടുകളുടെ മേൽക്കൂരകൾ തകർന്നുവീണു.
ജില്ലയിൽ മലയോര മേഖകളിലടക്കം ശനിയാഴ്ച വൈകിയും മഴ തുടരുകയാണ്. വെള്ളിയാഴ്ച പട്ടാമ്പിയിൽ മാത്രം പെയ്തുതോർന്നത് 143.5 സെൻറിമീറ്റർ മഴയായിരുന്നു. ഇൗ സീസണിൽ ശനിയാഴ്ച വരെ 268.1 മി.മി മഴയാണ് ജില്ലയിൽ ലഭിച്ചത്, 62 ശതമാനം അധികമഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.