കാലവർഷം; ജില്ലയിൽ പരക്കെ നാശനഷ്ടം
text_fieldsപാലക്കാട്: കാലവർഷം തുടരുന്നതിനിടെ ജില്ലയിൽ പരക്കെ നാശനഷ്ടം. അഞ്ച് വീടുകൾ പൂർണമായും തകർന്നു. 12 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. വീണ്ടും ലൈനിൽ മരം മറിഞ്ഞുവീണതോടെ അട്ടപ്പാടി മേഖലയിൽ രണ്ടാം ദിവസവും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. ജില്ലയിൽ മൂന്നാം ദിനവും മലയോരമേഖലകൾ കേന്ദ്രീകരിച്ച് ശക്തമായ മഴ തുടരുകയാണ്. രണ്ടുദിവസത്തെ മഴയിൽ പുതുനഗരം, കൊല്ലങ്കോട്, വടവന്നൂർ, എലവഞ്ചേരി പഞ്ചായത്തുകളിലായി 145 ഏക്കർ നെൽകൃഷി വെള്ളത്തിനടിയിലായി.
നദികളിലെല്ലാം ജലനിരപ്പുയർന്നിട്ടുണ്ട്. ഗായത്രിപ്പുഴയിൽ ജലമൊഴുക്ക് വർധിച്ചതോടെ എടാംപറമ്പ് ചെക്ക്ഡാമിനോട് ചേർന്ന പതിപ്പാലം വെള്ളത്തിനടിയിലായി. കൊല്ലങ്കോട് ആലമ്പള്ളം ചപ്പാത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. മലമ്പുഴയിൽ വൈദ്യുതി വകുപ്പ് കെട്ടിടത്തിന് മുകളിൽ മരം വീണു. അകലൂർ കൊട്ടെകാട്ടിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഭവാനി, ശിരുവാണി, കുന്തിപ്പുഴ അടക്കമുള്ള നദികളിൽ ജാഗ്രത നിർദേശം തുടരുകയാണ്.
അധികമഴയെന്ന് കണക്കുകൾ
ജില്ലയിൽ കഴിഞ്ഞ നാലുദിവസങ്ങളിലായി 163.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ശരാശരി 66.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്താണിത്. 245 ശതമാനം അധികമഴയാണ് ലഭിച്ചത്.
ഇന്നലെ പെയ്തത് 91.62 മില്ലീ മീറ്റര്‍ മഴ
പാലക്കാട്: ജില്ലയില്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ ശരാശരി 91.62 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.
എടാംപറമ്പ് പതിപ്പാലം മുങ്ങി
ആലത്തൂര്‍: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഗായത്രിപ്പുഴ നിറഞ്ഞു. എടാംപറമ്പ് ചെക്ക്ഡാമിനോട് ചേർന്ന പതിപ്പാലം കവിഞ്ഞൊഴുകുന്നതിനാൽ പറക്കുന്നം ഭാഗത്ത് ഗതാഗതം മുടങ്ങി.
ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വെങ്ങന്നൂരിലെ പറക്കുന്നം, നെല്ലിക്കാട്, എരിമയൂര്‍ പഞ്ചായത്തിലെ ചുള്ളിമട, കുരുവക്കോട് പ്രദേശങ്ങളിലുള്ളവരുടെ ആലത്തൂരിലേക്കുള്ള സഞ്ചാരമാണ് തടസ്സപ്പെട്ടത്.
എളുപ്പമാർഗമായിരുന്ന തടയണ പാലം കവിഞ്ഞതോടെ ഇവിടത്തുകാർക്ക് അഞ്ച് കിലോമീറ്ററോളം അധികം സഞ്ചരിച്ച് ആലത്തൂര്‍-കുത്തന്നൂര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന വെങ്ങന്നൂര്‍ പാലം വഴി യാത്ര ചെയ്യണം.
വിവിധ താലൂക്കുകളില്‍ ലഭിച്ച മഴയുടെ അളവ്
- പട്ടാമ്പി -138.5 മി.മീ.
- പാലക്കാട് -77.2
- ഒറ്റപ്പാലം -95
- ആലത്തൂര്‍ -96
- മണ്ണാര്‍ക്കാട് -72
- ചിറ്റൂര്‍ -71
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.