മഴ: പാലക്കാട് ദുരിതം വ്യാപകം
text_fieldsകനത്ത മഴ; റോഡിൽ വെള്ളക്കെട്ട്
ഒറ്റപ്പാലം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വെള്ളംമൂടി അപകട ഭീഷണിയായി റോഡുകൾ. വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതകൾക്ക് പുറമെ വിവിധ സ്ഥാപനങ്ങളുടെ മുന്നിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ ജനത്തെ വലക്കുന്നു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് മുന്നിൽ ചളിവെള്ളം തളം കെട്ടി കിടക്കുന്നത് ട്രെയിൻ യാത്രക്കാരെ കൂടാതെ പരിസര വാസികളെയും ബുദ്ധിമുട്ടിലാക്കുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നും കാൽനടയായി നിരവധി പേരാണ് റെയിൽവേ സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷന് മുന്നിലെ വെള്ളക്കെട്ട് താണ്ടേണ്ടി വരുന്നത് ദുഷ്കരമാവുന്നുണ്ട്. അഴുക്കുചാൽ അടഞ്ഞുപോയത് നന്നാക്കുന്നതിലെ കാലതാമസമാണ് വെള്ളക്കെട്ടിന് കാരണമായത്.
പാലക്കാട്- കുളപ്പുള്ളി പാത കടന്നുപോകുന്ന മേഖലയിൽ പല ഭാഗത്തും ദുരിതം സമാനമാണ്. അമ്പലപ്പാറയിലെ തൗഫീഖ് പടിയിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെട്ടു. രോഗിയുമായി വന്ന ആംബുലൻസിെൻറ പ്രവർത്തനം വെള്ളക്കെട്ടിൽ നിശ്ചലമായതോടെ നാട്ടുകാർ തള്ളിക്കയറ്റി മറ്റൊരു വാഹനത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു. പൊലീസ് സ്ഥലത്തെത്തി ചുറ്റുമതിൽക്കെട്ടിലെ കല്ലുകൾ നീക്കിയാണ് വെള്ളം ഒഴിവാക്കിയത്. പുതിയ നിർമാണ പ്രവൃത്തികളും വെള്ളക്കെട്ടിന് ആക്കം കൂട്ടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഞാറുകൾ ഒലിച്ചുപോയി
ഷൊർണൂർ: മഴയിൽ വ്യാപക കൃഷി നാശം. ഏക്കർ കണക്കിന് സ്ഥലത്ത് നടാൻ തയാറാക്കിയിരുന്ന ഞാറുകൾ ഒന്നായി ഒലിച്ചുപോയി. കുംഭാരൻകട്ടി പാടത്ത് പറിച്ചിട്ടിരുന്ന ഞാറാണ് ഒലിച്ച് പോയത്. ചൊവ്വാഴ്ച്ച പകൽ ഇവിടെ ട്രാക്ടറുപയോഗിച്ച് നിലം ഉഴുത് നടുന്നതിന് പാകമാക്കിയിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം അറിയുന്നത്. അപ്പോഴേക്കും മുക്കാൽ ഭാഗവും ഒഴുകിപ്പോയിരുന്നു. സമീപത്തെ ഏതാണ്ടെല്ലാ പാടത്തെയും നടീൽ കഴിഞ്ഞതിനാൽ ഇവർക്ക് നടാനുള്ള ഞാറ് സംഘടിപ്പിക്കാനാകുമോ എന്ന ആശങ്കയാണുള്ളത്. ഒരാഴ്ച്ചയായി പെയ്യുന്ന മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ നട്ട ഞാറും വെള്ളത്തിനടിയിലാണ്. ഇവ ചീഞ്ഞ് പോകുമോയെന്ന ആശങ്കയുമുണ്ട്.
ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിൽ
പത്തിരിപ്പാല: ശക്തമായ കാറ്റിലും മഴയിലും മണ്ണൂരിൽ പത്ത് ഏക്കർ നെൽകൃഷി നശിച്ചു. ചന്ദനപുറം പാടശേഖരത്തിലെ കൊയ്തെടുക്കാറായ പത്ത് കർഷകരുടെ നെൽകൃഷിയാണ് വെള്ളംമൂടി നശിച്ചത്. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കേരളശ്ശേരി: കനത്ത മഴയിൽ വരമ്പ് തകർന്ന് തടുക്കശ്ശേരി ചെറുകര പാടശേഖരത്തിലെ നെൽകൃഷി നശിച്ചു. വട്ടമണ്ണ പരിയത്ത് ജയശ്രീയുടെ ഉടമസ്ഥതയിലുള്ള നെൽകൃഷിയാണ് മഴവെള്ളം കയറിയും മണ്ണടിഞ്ഞും നശിച്ചത്. ചൊവ്വാഴ്ച രാത്രി കൂടി മഴ കനത്തതോടെ വരമ്പ് തകർന്ന് കൃഷി വെള്ളത്തിലാവുകയായിരുന്നു. ചെറുകര പടശേഖരത്തിലെ ശേഷിക്കുന്ന വരമ്പുകളും കനത്ത മഴയിൽ തകർച്ച ഭീഷണിയിലാണ്.
ലക്കിടി: കനത്ത മഴയിൽ തോടും ബണ്ടും കനാലും തകർന്ന് ലക്കിടിപേരൂർ പഞ്ചായത്തിലെ അടിയംമ്പാടം പാടശേഖരത്തിലെ 65 ഏക്കർ കൃഷിക്കുള്ള ഞാറ്റടി വെള്ളത്തിലായി. ഞാറ്റടിക്കായി കഴിഞ്ഞ ദിവസമാണ് വിത്തിറക്കിയത്. അടിയംബാടം, ചാത്തണാംകുണ്ട് എന്നീ തോടുകളുടെ ബണ്ടു പൊട്ടിയതോടെയാണ് നെൽപാടം പൂർണമായും വെള്ളത്തിലായത്. ചെറിയ കാഡകനാലുകളും തകർന്നു. സി. ഹരിദാസ്, എൽ. പരമേശ്വരൻ, തങ്കൻ, രാഘവൻകുട്ടി, ദിലീപ് തുടങ്ങിയ 20 പേരുടെ കൃഷിയാണ് വെള്ളം മൂടി നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.