കനത്ത മഴ: മംഗലംഡാം അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ തുറന്നു
text_fieldsപാലക്കാട്: ജില്ലയിൽ ഏതാനും ദിവസങ്ങളായി മഴ തുടരുന്നതോടെ അങ്ങിങ്ങായി നാശനഷ്ടം. പലയിടത്തും മരങ്ങൾ വീണ് വീട് തകർന്നു. വൈദ്യുതി പോസ്റ്റുകൾക്ക് മേൽ മരച്ചില്ലകളും മറ്റും വീണ് വിദൂര മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു.
റോഡരികിൽ നിന്ന മരങ്ങൾ കടപുഴകി ഗതാഗത തടസ്സവുമുണ്ടായി. ജില്ലയിെല പ്രധാന നദികളിലെല്ലാം ജലനിരപ്പുയർന്നിട്ടുണ്ട്. മലമ്പുഴ ഡാമിലെ ജലനിരപ്പ് 104.52 മീറ്ററിൽനിന്ന് 104.82 ആയി ഉയർന്നു.മംഗലംഡാം അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിെൻറ തോതനുസരിച്ച് തുറന്ന ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. മണ്ണൂർ കൊട്ടക്കുന്നിൽ കനത്ത മഴയിൽ വീടിന് സമീപത്തെ കുന്നിൻ മുകളിലുണ്ടായിരുന്ന കൂറ്റൻ പാറക്കല്ല് വീട്ടിലേക്ക് ഉരുണ്ട് വീണു. വീട്ടിൽ താമസിച്ചിരുന്ന കുടുംബം ഒാടിമാറിയതിനാൽ അപകടമൊഴിവായി. കൊട്ടക്കുന്ന് സ്വദേശി രാധയും ഭാര്യയും രണ്ടു മക്കളും താമസിക്കുന്ന വീടിെൻറ അടുക്കള ഭാഗത്തേക്കാണ് കൂറ്റൻ പാറ ഉരുണ്ട് വീണത്.
മലമ്പുഴ ആനക്കല്ല് ആദിവാസി കോളനിക്ക് സമീപത്തെ തങ്കയുടെ വീട് മഴയിൽ തകർന്നു. വീടിെൻറ മുൻഭാഗവും ഒരുമുറിയും പൂർണമായി തകർന്നു. ബാക്കി ഭാഗങ്ങളും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. പ്രദേശത്തെ യുവാക്കളെത്തി താൽക്കാലികമായി ടാർേപാളിൻ വലിച്ചുകെട്ടി തങ്കയെ അതിലേക്ക് മാറ്റി.കൊല്ലങ്കോട് വില്ലേജ് ഓഫിസ് വളപ്പിലെ വലിയ പുളി കടപുഴകി സമീപത്തെ വീട് പൂർണമായും തകർന്നു. കൊല്ലങ്കോട് രണ്ടാം നമ്പർ വില്ലേജ് ഓഫിസ് വളപ്പിലെ 150 വർഷത്തിലേറെ പഴക്കമുള്ള പുളി ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് നിലംപതിച്ചത്.
സമീപത്ത് താമസിക്കുന്ന എൻ.കെ. ഗോപാലിെൻറ ഓടിട്ട വീടിന് മുകളിലേക്കാണ് വീണത്. വീട്ടിലുണ്ടായിരുന്ന ഗോപാലും കുടുംബാംഗങ്ങളും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.
വീട്ടുപകരണങ്ങൾ ഉൾപ്പെടെ പൂർണമായും നശിച്ചു. ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. റവന്യൂ ഉദ്യോഗസ്ഥരെത്തി നഷ്ടം വിലയിരുത്തി.വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി, ചോറോട്ടൂർ പ്രദേശങ്ങളിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീടും വൈദ്യുതിത്തൂണും തകർന്നു.
ത്രാങ്ങാലി ചണമ്പറ്റ പടി ദേവയാനിയുടെ വീടാണ് പൂർണമായി തകർന്നത്. ബുധനാഴ്ച വൈകീട്ട് എട്ടോടെയാണ് അപകടം. ശക്തമായ കാറ്റിലും മഴയിലും തൊടിയിലെ പുളി കടപുഴകുകയായിരുന്നു. ദേവയാനിയും മകൾ രജനിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ പാലപ്പുറത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി. രണ്ടുലക്ഷം രൂപയുടെ നാശമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
ത്രാങ്ങാലി പ്രദേശത്ത് അഞ്ച് വൈദ്യുതി പോസ്റ്റും ലൈനുകളും മരം വീണ് തകർന്നു. ഒടയംപുറത്ത് റോഡരികിലും വീടുകളിലുമായി 15 മരങ്ങൾ വീണു. ചോറോട്ടൂരിൽ മരം വീണ് അഞ്ച് വൈദ്യുതി തൂണുകൾ തകർന്നു. അമ്പലപ്പാറ അറവക്കാട് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് സമീപമുള്ള ശുചിമുറി തകർന്നു.
മംഗലംഡാം അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ തുറന്നു
മംഗലംഡാം: മംഗലംഡാം അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ തുറന്നു. വ്യാഴാഴ്ച കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 76.7 എത്തിയതിനെ തുടർന്ന് മൂന്ന് ഷട്ടറുകൾ മൂന്ന് സെ.മീ. വീതം ഉയർത്തി. റൂൾ കർവ് പ്രകാരം അണക്കെട്ടിലെ വെള്ളം ക്രമീകരിക്കുന്നതിെൻറ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിെൻറ തോതനുസരിച്ച് തുറന്ന ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.