മഴ: പാലക്കാട് ജില്ലയിൽ പരക്കെ നാശനഷ്ടം
text_fieldsപാലക്കാട്: ഞായറാഴ്ചയും കനത്ത മഴ തുടർന്നതോടെ ജില്ലയിൽ പരക്കെ നാശനഷ്ടം. 57.9 മില്ലിമീറ്റർ മഴയാണ് അവസാനം ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം ജില്ലയിൽ പെയ്തത്. ഞായറാഴ്ച വൈകിയും മഴ തുടരുകയാണ്. 14 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഒരു വീട് പൂർണമായും തകർന്നു. വിവിധയിടങ്ങളിലായി 44.16 ഹെക്ടർ കൃഷിനാശവും ഉണ്ടായി. കെ.എസ്.ഇ.ബിയുടെ 168 കിലോമീറ്റർ വൈദ്യുതി ലൈൻ, 44 വൈദ്യുതി തൂണുകൾ, മൂന്ന് ട്രാൻസ്ഫോർമറുകൾ എന്നിവക്ക് കേടുപാട് സംഭവിച്ചു. ആനക്കര കുമ്പിടി ഉമ്മത്തൂരില്‍ റോഡരികിലെ പഞ്ചായത്ത് കിണര്‍ മഴയില്‍ ഇടിഞ്ഞ് താഴ്ന്നു.
ശക്തമായ കാറ്റിലും മഴയിലും ഉച്ചയോടെ പത്തിരിപാല -കോങ്ങാട് റോഡിൽ കമ്പനിപടിക്ക് സമീപം മരം കടപുഴകിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കിഴക്കുമുറിയിൽ നടപ്പാലം തകർന്ന് രണ്ട് വഴിയാത്രക്കാർക്ക് പരിക്കേറ്റു. വല്ലപ്പുഴ കുറുവട്ടൂരിൽ മൂന്ന് വീടുകളുടെ മേൽക്കൂര നിലംപതിച്ചു; ആളപായമില്ല. പുതുനഗരം, വടവന്നൂർ, കൊടുവായൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിലായി 36 ഏക്കർ നെൽകൃഷി വെള്ളത്തിൽ മുങ്ങി. കൊല്ലങ്കോട്ടിൽ 10 ഏക്കറിലധികം പാടശേഖരങ്ങളിലെ നെൽവിത്തുകൾ ഒഴുകിപ്പോയതായി കർഷകർ പറഞ്ഞു. ആലത്തൂർ താലൂക്കിൽ മഴയിലും കാറ്റിലും മരം പൊട്ടി വീണും ചുമരിടിഞ്ഞും 11 വീടുകൾക്ക് നാശം സംഭവിച്ചു. ഒരു വീട് പൂർണമായും 10 എണ്ണം ഭാഗികമായുമാണ് തകർന്നത്.
മഴ തുടരുന്നതോടെ മണ്ണൂർ കുണ്ടുകാവ് പാടശേഖരത്തിലെ പൊടിവിത നടത്തിയ 55 ഏക്കർ നെൽകൃഷി പൂർണമായും വെള്ളം മൂടിയ നിലയിലാണ്. ജില്ലയിലെ മിക്ക പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ, അപകടകരമായ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
മഴക്കണക്ക്
പാലക്കാട് -41.2 മില്ലിമീറ്റർ
മണ്ണാർക്കാട് -68 മില്ലിമീറ്റർ
ഒറ്റപ്പാലം- 76.2 മില്ലിമീറ്റർ
ആലത്തൂർ -55.5 മില്ലിമീറ്റർ
പട്ടാമ്പി- 77 മില്ലിമീറ്റർ
ചിറ്റൂർ- 24 മില്ലിമീറ്റർ
കൊല്ലങ്കോട്- 34.2 മില്ലിമീറ്റർ
തൃത്താല- 65 മില്ലിമീറ്റർ
പറമ്പിക്കുളം- 80 മില്ലിമീറ്റർ
ഡാമുകളിലെ ജലനിരപ്പ്
ഡാം, നിലവിലെ ജലനിരപ്പ്, പരമാവധി
ജലനിരപ്പ് എന്നീ ക്രമത്തിൽ:
കാഞ്ഞിരപ്പുഴ ഡാം - 85.80 മീറ്റർ - 97.50 മീറ്റർ
ശിരുവാണി ഡാം- 869.08 മീറ്റർ- 878.5 മീറ്റർ
മീങ്കര ഡാം- 152.98 മീറ്റർ- 156.36 മീറ്റർ
ചുള്ളിയാർ ഡാം- 142.29 മീറ്റർ - 154.08 മീറ്റർ
വാളയാർ ഡാം- 196.61 മീറ്റർ - 203 മീറ്റർ
മലമ്പുഴ ഡാം- 103.63 മീറ്റർ - 115.06 മീറ്റർ
പോത്തുണ്ടി ഡാം - 93.30 മീറ്റർ - 108.204 മീറ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.