വേനലും റമദാനും; ഉണർന്ന് പഴവിപണി
text_fieldsപാലക്കാട്: വേനലും റമദാനും എത്തിയതോടെ ഉണർന്ന് പഴവിപണി. വേനൽമഴ ചെറുതായി തളർത്തിയ പഴവർഗ വിപണിയെ തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ് റമദാൻ വ്രതാരംഭം. ചൂടുയർന്നതോടെയും നോമ്പ് കാലത്ത് പഴങ്ങൾക്ക് കൂടുതൽ വിപണി ലഭിക്കുന്നതിനാലും വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്. പഴക്കടകളിലെ തട്ടുകൾക്ക് ഇത്തവണ വിദേശ ഇനം പഴവർഗങ്ങളുടെ ഗമ കുറവാണ്. നോമ്പുകാലം മുന്നിൽകണ്ട് ഗുഡ്സുകളിലും വഴിയോരങ്ങളിലും പഴക്കച്ചവടം സജീവമാകുന്നതും കാഴ്ചയാണ്.
വേനൽകാലത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തണ്ണിമത്തൻതന്നെയാണ് വിപണിയിലെ താരം. പൈനാപ്പിൾ, ഓറഞ്ച്, ആപ്പിൾ, മുന്തിരി, ഇറാൻ വത്തക്ക, അനാർ, മുസമ്പി, ഉത്തരേന്ത്യൻ മാങ്ങ എന്നിവക്ക് പുറമെ നാടൻ ഇനങ്ങളും ഉപഭോക്താക്കളെ ആകർഷിക്കാനുണ്ട്.
കുതിച്ച് വില
മിക്ക പഴവർഗങ്ങൾക്കും ആവശ്യമുയരുന്നതിനനുസരിച്ച് വിലയും കുതിച്ചുയരുകയാണ്. കിലോക്ക് 15-20 രൂപ നിരക്കിൽ സുലഭമായിരുന്ന തണ്ണിമത്തൻ കഴിഞ്ഞ ദിവസവങ്ങളിൽ 30 ൽ എത്തി. നേന്ത്രപ്പഴം 35-40 രൂപ ഉണ്ടായിരുന്നത് 45-50 വരെ ആയിട്ടുണ്ട്. ചൂട് കനത്തതോടെ സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വിലയും കുതിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ 150 രൂപ കിലോക്ക് വിലയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില പലയിടങ്ങളിലും 200 കടന്നിട്ടുണ്ട്. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
വേനൽക്കാലത്ത് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തണ്ണിമത്തനാണ് ആവശ്യക്കാര്‍ കൂടുതൽ. വലിയ തണ്ണിമത്തന് കിലോക്ക് 30, ചെറുതിന് 35, മഞ്ഞനിറത്തിലുള്ളതിന് 35 രൂപ എന്നിങ്ങനെയാണ് വില. മാങ്ങയാണ് കൂടുതലായി വിറ്റുപോകുന്ന മറ്റൊരിനം. മൂവാണ്ടൻ 120, സിന്ധൂർ 160, ബംഗനപ്പിള്ളി 160, ആപ്പൂസ് 140, ഛോട്ടാപുരി 100 എന്നിങ്ങനെയാണ് വില. മുന്തിരി കറുത്തത് 150, വെളുത്തത് 100, ആപ്പിൾ ഇറാൻ 200, തുർക്കി 240, ഗ്രീൻ ആപ്പിൾ 240, ഓറഞ്ച് 100, അനാർ 150, മുസംബി 80, പൈനാപ്പിൾ 80 എന്നിങ്ങനെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.