എലിപ്പനി ജാഗ്രത കൈവിടല്ലേ...
text_fieldsപാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജാഗ്രതയും നിരീക്ഷണവും ഊർജിതമാക്കിയതായി ഡി.എം.ഒ അറിയിച്ചു. എലികളാണ് പ്രധാന രോഗവാഹകര്‍. ലെപ്റ്റോസ്പൈറ ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിലാണ് ബാക്ടീരിയ വളര്‍ന്നുപെരുകുന്നത്.
ഇവയുടെ മൂത്രത്തില്‍ കൂടി രോഗാണുക്കള്‍ ധാരാളമായി വിസർജിക്കപ്പെടുന്നു. ഒരു മില്ലീ ലിറ്റര്‍ മൂത്രത്തില്‍ പോലും കോടിക്കണക്കിന് ബാക്ടീരിയകള്‍ കാണും. ഇവ എലികളില്‍ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെ കടിച്ചാലും എലിപ്പനി വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കളും ആടുമാടുകളും പന്നിയും മറ്റും ചിലപ്പോള്‍ രോഗാണുവാഹകരാകാറുണ്ട്.
രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും, മഴ പെയ്യുമ്പോള്‍ ഒലിച്ച് ഓടകളിലും കനാലുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമൊക്കെ എത്തുന്നു. കൂടാതെ, എലിമാളങ്ങളില്‍ വെള്ളം കയറുന്നതോടെ അവ കൂട്ടത്തോടെ പുറത്തേക്കു വരുകയും വെള്ളം വ്യാപകമായി എലിമൂത്രം കൊണ്ടും വിസർജ്യം കൊണ്ടും മലിനമാക്കുന്നതുമൂലം എലിപ്പനി വ്യാപകമാകുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മൂന്ന് മാസമെങ്കിലും എലിപ്പനി ഭീഷണി നിലനില്ക്കും.
എങ്ങനെ േരാഗം പടരുന്നു?
1. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ചവിട്ടുകയോ കളിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കില്‍.
2. ശരീരത്തില്‍ മുറിവുകള്‍ ഒന്നും ഇല്ലെങ്കിലും ദീര്‍ഘനേരം മലിനജലത്തില്‍നിന്ന് പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തുകൂടി രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
3. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചര്‍മത്തില്‍ കൂടി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.
4. രോഗാണു കലര്‍ന്ന ജലം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 -14 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.
1. ശക്തമായ പനി
2. ശക്തമായ തലവേദന
3. ശക്തമായ പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും. കാല്‍മുട്ടിന് താഴെയുള്ള പേശികളില്‍ കൈവിരല്‍കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന ഉണ്ടാകും.
4. അമിതമായ ക്ഷീണം.
5. കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച. കണ്ണിെൻറ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. കണ്ണുകളില്‍ ഉണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പു നിറത്തിന് കാരണം. പനിക്കും ശരീര വേദനക്കും ഒപ്പം കണ്ണിെൻറ ചുവപ്പ് നിറം കൂടിയെങ്കില്‍ ഉടനെ ഡോക്ടറെ കാണണം.
6. മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍- പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം മറിച്ചില്‍, ഛര്‍ദി. രോഗം കരളിനെ ബാധിക്കുന്നതിനാലാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. രോഗത്തിെൻറ ഗൗരവ സ്വഭാവമുള്ള ലക്ഷണങ്ങളില്‍ ഒന്നാണിത്.
7. ശരീരത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക. ത്വക്കില്‍ രക്തസ്രാവം ഉണ്ടാകുന്നതാണ് കാരണം. രോഗം ഗുരുതരാവസ്ഥയിലാണെങ്കില്‍ മൂക്കിലൂടെ രക്തസ്രാവം, രക്തം ഛര്‍ദിക്കുക, മലം കറുത്ത നിറത്തില്‍ പോകുക എന്നിവയും ഉണ്ടാകാം.
8. ചിലരില്‍ പനിയോടൊപ്പം വയറിളക്കവും ഛര്‍ദിയും ഉണ്ടാകും.
രക്തപരിശോധനയിലൂടെയാണ് എലിപ്പനി സ്ഥിരീകരിക്കുക. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ. 5 -6 ദിവസത്തില്‍ പനി സുഖമാകുകയും ചെയ്യും. 10 ശതമാനം പേരില്‍ ഗൗരവമായ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം. വൃക്കകളെ ബാധിച്ചാല്‍ അവയുടെ പ്രവര്‍ത്തനംതന്നെ നിലച്ച് മരണം സംഭവിക്കാം. ആരംഭത്തില്‍തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കണം.
പ്രതിരോധം പ്രധാനം
1. മലിനജലം, പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇറങ്ങരുത്.
2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. എലികളെ നിയന്ത്രിക്കാന്‍ ഇവ ഉപകരിക്കും.
3. പശു, മറ്റു കന്നുകാലികള്‍, ഓമനമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും എലിപ്പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കണം.
4. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ആവശ്യമായി വരുന്നവര്‍- ഉദാ: വീടും പരിസരവും ശുചീകരണത്തിന് എത്തുന്നവര്‍, പണിയെടുക്കുന്നവര്‍, ഈര്‍പ്പമുള്ള മണ്ണില്‍ കൃഷി ചെയ്യുന്നവര്‍- പ്രത്യേകം ശ്രദ്ധിക്കണം. കൈയുറകള്‍, ബൂട്സ് എന്നിവ ധരിക്കുന്നത് കൂടാതെ രോഗപ്രതിരോധം നല്കുന്ന ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശപ്രകാരം കഴിക്കണം.
5. ഏതെങ്കിലും കാരണവശാല്‍ മലിനജലത്തില്‍ ചവിട്ടേണ്ടിവന്നാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കുക.
6. കുടിക്കാനുള്ള ജലം അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ചാറ്റി ഉപയോഗിക്കുക. എലിമൂത്രം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കുക.
7. പാചകത്തിനും കുളിക്കാനും വായ് ശുദ്ധികരിക്കാനുമൊക്കെ ക്ലോറിനേറ്റ് ചെയ്ത ജലം മാത്രമേ ഉപയോഗിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.