കഞ്ഞികുടി മുട്ടുമോ?; താലൂക്കിൽ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്
text_fieldsപാലക്കാട്: എൻ.എഫ്.എസ്.എ ഗോഡൗണിൽനിന്ന് കടകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണം മന്ദഗതിയിലായതോടെ താലൂക്കിൽ റേഷൻവിതരണം പ്രതിസന്ധിയിലേക്ക്. ഓരോ മാസവും 15ന് മുമ്പായി കടകളിലേക്കുള്ള റേഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് നിർദേശം. മൂന്ന് മാസമായി ഇത് താളംതെറ്റിയ നിലയിലാണ്. നിരന്തരം പരാതികളുയർന്നിട്ടും എൻ.എഫ്.എസ്.എ ഗോഡൗണുകളിൽനിന്ന് സമയബന്ധിതമായി അരി വിതരണം ചെയ്യാൻ അധികൃതർ തയറാകുന്നില്ല. ഒക്ടോബറിലെ വിതരണം 25നുശേഷമാണ് പലിയിടത്തും പൂർത്തിയാക്കിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ ഭക്ഷ്യധാന്യം ഒക്ടോബർ 31നും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടല്ല. ഒക്ടോബറിലെ പി.എം.ജി.കെ.എ.വൈ വിഹിതം നവംബർ 15 വരെ നീട്ടിയത് ഏറെ ആശ്വാസമായി.
അതേസമയം, എൻ.എഫ്.എസ്.എ ഗോഡൗണിൽനിന്ന് തൂക്കം നോക്കാതെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലെത്തിക്കുന്നതായി കടയുടമകൾക്ക് പരാതിയുണ്ട്.
ഭക്ഷ്യധാന്യം തൂക്കം നോക്കാൻ ക്വിൻറലിന് മൂന്നു രൂപ സർക്കാർ നൽകുന്നുണ്ട്. താലൂക്കിൽ 164 കടകളിലായി എട്ട് ലക്ഷത്തോളം കാർഡുടമകളാണുള്ളത്.
കടകളിൽ പച്ചരി മാത്രം
റേഷൻ വിതരണത്തിന് മുൻഗണന വിഭാഗം കാർഡുടമകൾക്ക് അനുവദിച്ച വിഹിതത്തിൽ ഭൂരിഭാഗവും പച്ചരിയായതോടെ കടകളിൽ വാക്കേറ്റം പതിവായി. ഓപൺ മാർക്കറ്റിൽ അരി വില ഉയർന്നതോടെ സാധാരണക്കാർ റേഷനരിയാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങൾക്ക് ഭക്ഷണത്തിന് പുഴുങ്ങല്ലരിയാണ് പ്രിയം. പി.എം.ജി.കെ.എ.വൈയിൽ 80 ശതമാനവും പച്ചരിയാണ് നൽകുന്നത്. ഗോതമ്പ് വിഹിതവും വെട്ടിക്കുറച്ചു. ഇത്രയധികം പച്ചരി വാങ്ങാൻ കാർഡുടമകൾ തയാറാകുന്നില്ല. അരി മാറ്റി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ കാർഡുടമകളും വ്യാപാരികളും തമ്മിൽ വാക്കേറ്റം പതിവാണ്.
സംഭവത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ഇടപെടണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് വേലിക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു. എം. മഹേഷ്, രാധാകൃഷ്ണൻ, രാമചന്ദ്രൻ പട്ടാമ്പി, വിഷ്ണുദേവൻ, കെ. ശിവദാസ്, കാസിം കണ്ണാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.