ഏപ്രിലിലെ റേഷൻ മേയിൽ നൽകാമെന്ന് വാഗ്ദാനം: കടകളിൽ കൈമലർത്തി വകുപ്പ്
text_fieldsപാലക്കാട്: ലോറി ജീവനക്കാരുടെ സമരത്തിൽ തടസ്സപ്പെട്ട ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നിൽ കൈമലർത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഏപ്രിലിൽ മിക്ക റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് മേയിൽ വാങ്ങാമെന്ന് ഏപ്രിൽ അവസാനം തന്നെ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നെങ്കിലും റേഷൻ കടകളിൽ എത്തുന്നവരോട് റേഷൻ വ്യാപാരികൾ കൈമലർത്തുകയാണ്. ഇ-പോസ് യന്ത്രത്തിൽ ക്രമീകരണം നടത്തുന്നതിലുള്ള കാലതാമസമാണ് വിതരണത്തിന് തടസ്സമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
ജില്ലയിൽ ഏപ്രിലിലെ റേഷൻ വിഹിതം വാങ്ങാൻ കഴിയാത്ത ഗുണഭോക്താകൾക്ക് മേയിലെ വിഹിതത്തോടൊപ്പം റേഷൻ വാങ്ങാമെന്നായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഐ.ടി വിഭാഗമാണ് ഇ-പോസ് യന്ത്രത്തിൽ ക്രമീകരണം നടത്തേണ്ടത്. നടപടി വൈകുന്നതോടെ ഈ ആഴ്ചയും ഏപ്രിലിലെ റേഷൻ വിതരണം ലഭിക്കാൻ സാധ്യതയില്ല. ഏപ്രിലിലെ റേഷൻ വിതരണം വാങ്ങാനെത്തുന്നവർക്ക് മേയിലെ വിഹിതം മാത്രമാണ് ലഭിക്കുന്നത്. ഒലവക്കോട് എഫ്.സി.ഐ പരിസരത്തെ ഒരുവിഭാഗം ലോറി ജീവനക്കാരും എൻ.എഫ്.എസ്.എ കരാറുകാരും തമ്മിൽ ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ഏപ്രിലിലെ ധാന്യവിതരണം തടസ്സപ്പെടാൻ കാരണം.
ഭക്ഷ്യഭദ്രത അലവൻസ് അനുവദിക്കണം
പാലക്കാട്: ഏപ്രിലിൽ ഭക്ഷ്യധാന്യം ലഭിക്കാത്തവർക്ക് ഭക്ഷ്യഭദ്രത ബത്ത അനുവദിക്കണമെന്ന് റേഷൻ ഉപഭോക്താക്കൾ. ഏതെങ്കിലും പ്രദേശത്തെ റേഷൻ അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാറിന്റെയോ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയോ അലംഭാവമോ മറ്റെന്തെങ്കിലും അപ്രതീക്ഷത സംഭവങ്ങൾ കാരണമോ റേഷൻ ലഭിക്കാതെ വന്നാൽ ഗുണഭോക്താക്കൾക്ക് ഭക്ഷ്യഭദ്രത ബത്ത ലഭിക്കാനുള്ള അർഹതയുണ്ട്. അതത് പ്രദേശങ്ങളിലെ റേഷൻ ഇൻസ്പെക്ടർമാരാണ് ഭക്ഷ്യഭദ്രത ബത്തയുടെ നോഡൽ ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.