റേഷൻ വാതിൽപടി വിതരണം നാടകീയ നീക്കങ്ങളിലൂടെ പുനരാരംഭിച്ചു
text_fieldsപാലക്കാട്: രണ്ടാഴ്ചയായി മുടങ്ങിക്കിടന്ന റേഷൻ വാതിൽപടി വിതരണം ഹൈകോടതി നിർദേശപ്രകാരം ശനിയാഴ്ച നാടകീയ നീക്കങ്ങളിലൂടെ പുനരാരംഭിച്ചു. രാവിലെ നാല് വാഹനങ്ങളുമായി പുതിയ കരാറുകാരൻ വിതരണത്തിനായി മുതലമട സ്റ്റേറ്റ് വെയർഹൗസിൽ എത്തിയെങ്കിലും ചുമട്ടുതൊഴിലാളികൾ ഭക്ഷ്യധാന്യങ്ങൾ ലോഡ് ചെയ്യാൻ ആദ്യം വിസമ്മതിച്ചെങ്കിലും ഉച്ചക്കുശേഷം ലോഡിങ് തുടങ്ങി.
റേഷൻ കടകളിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ കരാറുകാരെൻറ സ്വന്തം വാഹനങ്ങളിൽ കൊണ്ടുപോകുന്നത് പരിസരത്തെ വാഹന ഉടമകളുടെ യൂനിയൻ ഇടപെട്ട് നേരേത്ത തടഞ്ഞിരുന്നു. ഇതിനെതിരെ കരാറുകാരൻ ഹൈകോടതിയിൽനിന്ന് അനുകൂല വിധി നേടി. തുടർന്നാണ് ശനിയാഴ്ച വെയർഹൗസിൽ എത്തിയത്.
എന്നാൽ, പരിസരത്തെ വാഹന ഉടമകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോഡ് കയറ്റാൻ തൊഴിലാളികൾ വിസമ്മതിക്കുകയായിരുന്നു. സംഭവം കോടതീയലക്ഷ്യമാകുമെന്ന് വന്നതോടെ അധികൃതർ ഇടപെട്ട് പൊലീസ് സംരക്ഷണത്തിൽ ഭക്ഷ്യധാന്യങ്ങൾ കരാറുകാരെൻറ വാഹനത്തിൽ കയറ്റിയാണ് പ്രശ്നം പരിഹരിച്ചത്. സപ്ലൈകോയുമായി ഒപ്പുവെച്ച കരാർ പ്രകാരം ജി.പി.എസ് സംവിധാനമുള്ള കരാറുകാരെൻറ സ്വന്തം വാഹനങ്ങളിൽ ഭക്ഷ്യധാന്യ വിതരണം നടത്തണം എന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.